വിദ്യാര്‍ഥികള്‍ക്ക് നിയമസാക്ഷരതാ ക്ലബ്ബുകള്‍ രൂപീകരിച്ചു

മാനന്തവാടി: വിദ്യാര്‍ത്ഥികള്‍ക്ക് നിയമങ്ങളെ കുറിച്ച് അറിയുന്നതിനും വിശദമായ പഠനം നടത്തുന്നതിനുമായി സ്‌ക്കൂളുകളില്‍ നിയമ സാക്ഷരത ക്ലബ്ബുകള്‍ രൂപീകരിച്ചു. ദേശീയ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, താലൂക്ക് ലിഗല്‍ സര്‍വ്വീസ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് സ്‌ക്കുളുകളില്‍ ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു സ്‌കൂളുകളിലാണ് കഌബ്ബുകള്‍ ആരംഭിച്ചിട്ടുള്ളത്. വയനാട് ജില്ലയില്‍ ജി.വി.എച്ച്എസ്എസ് മാനന്തവാടി, ജി വി എച്ച് എസ് എസ്തരിയോട്, ജി വി എച്ച് എസ് എസ് വൈത്തിരി എന്നിവിടങ്ങളില്‍ നിയമസാക്ഷരത കഌബ്ബുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു.
സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌ക്കുള്‍ സുല്‍ത്താന്‍ ബത്തേരി, ബീനാച്ചി ഗവ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഈ മാസം തന്നെ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നിയമങ്ങളെ കുറിച്ചും നിയമ വശങ്ങളെ പൂര്‍ണ്ണമായി അറിവ് നല്‍കുകയും ബോധവല്‍ക്കരണം നല്‍കുകയും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് സ്വീകരിക്കേണ്ട നിയമ വശങ്ങള്‍, കോടതി ഉത്തരവുകള്‍, സുപ്രധാന വിധികള്‍ എന്നിവയെ കുറിച്ച് അറിവുകള്‍ നല്‍കി പുര്‍ണ്ണമായും നിയമ സാക്ഷരത നല്‍കുകയുമാണ് ക്ലബ്ബുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിയമബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിക്കും. ക്ലബ്ബുകള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് സംവിധാനത്തോടു കൂടിയ കമ്പ്യുട്ടറുകള്‍, മേശ, നിയമ പുസ്തകങ്ങള്‍, ഇവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, കസേരകള്‍ എന്നിവയെല്ലാം ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയാണ് നല്‍കുക. സ്‌ക്കുളിലെ ഒരു അധ്യാപകനാണ് ക്ലബ്ബുകളുടെ ചുമതല. മാനന്തവാടി ജിവിഎച്ച്എസ്എസിലെ നിയമസാക്ഷരത ക്ലബ്ബിന്റെ ഉദ്ഘാടനം താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി ചെയര്‍മാനും സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജുമായ പി സൈതലവി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് വി കെ തുളസിദാസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി ജെ റോയ്, അഡ്വ എം ആര്‍ മോഹനന്‍, ടി ബി ദിനേശന്‍, അന്‍വര്‍, ആന്‍മരിയ സംസാരിച്ചു.

RELATED STORIES

Share it
Top