വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍: ബസ്സുടമകളില്‍ ഭിന്നത

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവനുവദിക്കുന്നത് സംബന്ധിച്ച് ബസ്സുടമകളില്‍ ഭിന്നിപ്പ്. ജൂണ്‍ ഒന്നുമുതല്‍ നിരക്കിളവ് അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച ബസ്സുടമകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, വിദ്യാര്‍ഥികള്‍ക്ക് നിരക്ക് ഇളവ് അനുവദിക്കുമെന്ന് അറിയിച്ച് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തി.
തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു. ഇളവ് നല്‍കില്ലെന്ന് പറയാന്‍ ഉടമകള്‍ക്ക് കഴിയില്ലെന്നും, ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നിരക്കിളവ് അനുവദിക്കണമെങ്കില്‍ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നായിരുന്നു വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബസ് കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗ തീരുമാനം. ഇതിലാണ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ വിയോജിപ്പ് അറിയിച്ചത്.
ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബസ് വ്യവസായത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 14ന് സെക്രട്ടേറിയറ്റ് നടയില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് ഏര്‍പ്പെടുത്തിയ ബസ് ബോഡി കോഡ് അപ്രായോഗികമാണെന്ന് സ്വകാര്യ ബസ്സുടമകള്‍ ചൂണ്ടിക്കാട്ടി. എം ബി സത്യന്‍, ലോറന്‍സ് ബാബു, ഹംസ, ആന്റോ ഫ്രാന്‍സിസ്  പങ്കെടുത്തു.

RELATED STORIES

Share it
Top