വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; യുവാവ് പിടിയില്‍

നിലമ്പൂര്‍: മമ്പാട് കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് എത്തിക്കുന്നയാള്‍ പോലിസ് പിടിയില്‍. മമ്പാട് ഓടായിക്കല്‍ വാഴയില്‍ ഷൗക്കത്ത് എന്ന അച്ചായന്‍ (44) ആണ് ചൊവ്വാഴ്ച പിടിയിലായത്. 25 പൊതികളിലായി 80 ഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്ന് നിലമ്പൂര്‍ സിഐ കെ എം ബിജുവും സംഘവും പിടികൂടിയത്. തോര്‍ത്ത് മുണ്ടില്‍ പൊതിഞ്ഞ് കൈയില്‍ ചുറ്റിക്കെട്ടിയ നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍ ഒളിപ്പിച്ചിരുന്നത്. ഇയാള്‍ സ്ഥിരമായി വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കുന്നയാളാണെന്ന് പോലിസ് പറഞ്ഞു. തിങ്കളാഴ്ച മമ്പാട് നടുവക്കാടില്‍ കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ പോലിസിന്റെ പിടിയിലായിരുന്നു. ഇവര്‍ക്ക് കഞ്ചാവ് നല്‍കിയത് ഷൗക്കത്ത് എന്നായിരുന്നു മൊഴി. ഇതേത്തുടര്‍ന്നാണ് ഷൗക്കത്ത് കഞ്ചാവുപൊതികളുമായി ചൊവ്വാഴ്ച പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്ന് ഇരകളെ കണ്ടെത്തി.
ഇതില്‍ വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു. ഷൗക്കത്തിനെതിരേ മഞ്ചേരി, വണ്ടൂര്‍, നിലമ്പൂര്‍ എക്‌സൈസ് ഓഫിസുകളിലും കേസുണ്ട്.

RELATED STORIES

Share it
Top