വിദ്യാര്‍ഥികള്‍ക്കിനി പരീക്ഷാകാലം

കണ്ണൂര്‍: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇനി പരീക്ഷക്കാലം. അകത്ത് പരീക്ഷാചൂടും പുറത്ത് വേനല്‍ചൂടും ഉച്ചസ്ഥായിയിലെത്തും. ജില്ലയില്‍ 204 കേന്ദ്രങ്ങളിലായി 34,427 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഇതില്‍ 34,330 പേര്‍ റഗുലറും 97 പേര്‍ പ്രൈവറ്റുമാണ്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 36 കേന്ദ്രങ്ങളിലായി 7,441 റഗുലര്‍ കുട്ടികളും പ്രൈവറ്റില്‍ 32 കുട്ടികളും പരീക്ഷയെഴുതും.
ഇതില്‍ സര്‍ക്കാര്‍ സ്‌കൂളിലെ 1405 പെണ്‍കുട്ടികളും 1493 ആണ്‍കുട്ടികളുമാണ്. കൂടാതെ എയ്ഡഡ് സ്‌കൂളില്‍ നിന്ന് 2223 പെണ്‍കുട്ടികളും 2195 ആണ്‍കുട്ടികളും അണ്‍ എയ്ഡഡില്‍ 133 ആണ്‍കുട്ടികളും 118 പെണ്‍കുട്ടികളും പരീക്ഷയെഴുതുന്നു. ഈ വിദ്യാഭ്യാസ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 7728 കുട്ടികള്‍ പരീക്ഷയെഴുതിയിരുന്നു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ 92 കേന്ദ്രങ്ങളില്‍നിന്ന് റഗുലറില്‍ 12,106 കുട്ടികളും പ്രൈവറ്റായി 22 കുട്ടികളും പരീക്ഷയെഴുതുന്നു. ഇതില്‍ 15 പേര്‍ സ്‌പെഷ്യല്‍ സ്‌കൂളില്‍ നിന്നുള്ളവരാണ്.
ഇവിടെ കഴിഞ്ഞ വര്‍ഷം 12,407 കുട്ടികളാണ് പരീക്ഷ എഴുതിയത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 76 കേന്ദ്രങ്ങളിലായി 14,714 റഗുലര്‍ കുട്ടികളും 47 പ്രൈവറ്റ് കുട്ടികളുമുണ്ട്്. ഇതില്‍ 13 പേര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളാണ്. കഴിഞ്ഞ വര്‍ഷം 14,850 പേരാണ് പരീക്ഷയെഴുതിയത്. 28 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്-1124 പേര്‍.
951 കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന തളിപ്പറമ്പ് സീതി സാഹിബ് ഹൈസ്‌കൂളാണ് രണ്ടാമത്. മൂന്നു വിദ്യാഭ്യാസ ജില്ലകളുടെ കീഴില്‍ 1800 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷാ ചുമതലക്കായി നിയോഗിച്ചിട്ടുള്ളത്. പരീക്ഷാ ചോദ്യപേപ്പറുകള്‍ വിഭ്യാഭ്യാസ ജില്ല—കളുടെ കീഴില്‍ സബ് ട്രഷറികളിലും എസ്ബിഐ ശാഖകളിലുമാണ് സൂക്ഷിച്ചത്. അതാത് പരീക്ഷാപേപ്പറുകള്‍ ക്ലസ്റ്ററുകളില്‍നിന്നു അന്നേദിവസം പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും.
സര്‍ക്കാര്‍ തലത്തിലും ഡിഡിഇ തലത്തിലും പ്രത്യേക സ്‌ക്വാഡുകളുണ്ട്. കൂടാതെ ഐടി പ്രാക്റ്റിക്കല്‍, തിയറി പരീക്ഷകള്‍ ഇതിനകം പൂര്‍ത്തിയായി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നും രണ്ടു വര്‍ഷങ്ങളിലായി മാഹി ഉള്‍പ്പെടെ ജില്ലയില്‍ 52,000 ഓളം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. മാഹിയിലെ ഏഴു കേന്ദ്രങ്ങളടക്കം 157 കേന്ദ്രങ്ങളാണുള്ളത്.
ഈവര്‍ഷത്തെ എസ്എസ്എല്‍സി സാമൂഹികശാസ്ത്രം ചോദ്യപേപ്പറില്‍ മാറ്റംവരുത്തിയാണ് പരീക്ഷ. ചോദ്യപേപ്പറിനെ എ, ബി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി തരംതിരിക്കും. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം. എന്നാല്‍ ബി വിഭാഗത്തില്‍ ഓരോ ചോദ്യത്തിനും ചോയ്‌സ് ഉണ്ട്.
ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂനിറ്റുകളെ രണ്ടിന്റെ കൂട്ടങ്ങളായാണ് പരിഗണിക്കുന്നത്. രണ്ട് വിഭാഗങ്ങളിലും 40 വീതമാണ് മാര്‍ക്ക്. ഇത്തരത്തില്‍ ചോദ്യപേപ്പറിനെ രണ്ട് വിഭാഗങ്ങളായി തരംതിരിക്കുമ്പോള്‍ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. വിദ്യാര്‍ഥികളിലെ പരീക്ഷാഭീതി അകറ്റാന്‍ സ്‌കൂള്‍ തലത്തിലും അല്ലാതെയും വിവിധ കൗണ്‍സിലിങ് ക്ലാസുകളും രാത്രികാല കോച്ചിങ് ക്ലാസും നടത്തുന്നുണ്ട്.

RELATED STORIES

Share it
Top