വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം

ചെറുപുഴ (കണ്ണൂര്‍): സ്‌കൂള്‍ വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് നടക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയിലേക്കു പിക്കപ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ഥിനി മരിച്ചു. നാലുപേര്‍ക്കു സാരമായി പരിക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനി പെരിങ്ങോം ചിലകിലെ രേഖ നിവാസില്‍ ദേവനന്ദ (12)യാണു മരിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവാന്‍ വൈകീട്ട് 3.30ഓടെ ബസ്‌സ്‌റ്റോപ്പിലേക്ക് നടക്കവെ ചെറുപുഴ അയ്യപ്പക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ പാര്‍സല്‍ വാന്‍ റോഡിന്റെ ഓരംചേര്‍ന്നു നടക്കുകയായിരുന്ന കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മാരുതി വാനില്‍ ഇടിച്ചാണു നിന്നത്. കുട്ടികളെ ഉടന്‍ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പയ്യന്നൂരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. എന്നാല്‍ ദേവനന്ദയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ആര്യ (വയക്കര), ആല്‍ഫിയ (കൊരങ്ങാട്), അക്ത (കൊരങ്ങാട്), ജുമാന (വയക്കര) എന്നിവര്‍ക്കാണു പരിക്കേറ്റത്. ദേവനന്ദയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നുച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. കെ പി രതീഷി (സൗദി)ന്റെയും ഈട്ടിക്കല്‍ ശാലിനിയുടെയും മകളാണ്. സഹോദരി: അളകനന്ദ (വിദ്യാര്‍ഥി, ചെറുപുഴ സെന്റ് ജോസഫ് സ്‌കൂള്‍).

RELATED STORIES

Share it
Top