വിദ്യാര്‍ഥികളെ നാവിക ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി

മട്ടാഞ്ചേരി: മുണ്ടംവേലി കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ നേവല്‍ ക്വാര്‍ട്ടേഴ്‌സിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി പരാതി. ചന്തിരൂര്‍  സ്വദേശി  പി കെ ഉത്തമന്റെ മകന്‍ പി യു അശ്വിന്‍(15),  മുണ്ടംവേലിയില്‍ ജേക്കബിന്റെ മകന്‍  റോഹിന്‍ വിന്‍സന്റ് (14) എന്നീ വിദ്യാര്‍ഥികളെ പരിക്കുകളോടെ മഹാരാജാസ് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഗ്രൗണ്ടില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. നേവല്‍ ക്വാര്‍ട്ടേര്‍സിലെ  കുട്ടികളെ കളിയാക്കിയെന്നാരോപിച്ച് ഉദ്യോഗസ്ഥന്‍ അശ്വിന്റെ മുഖത്തടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സുഹൃത്ത് റോഹിന്‍ വിന്‍സന്റിനേയും ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.  ക്വാര്‍ട്ടേഴ്‌സിലെ നേവല്‍ പോലിസ് ആസ്ഥാനത്ത് കൊണ്ടുപോയും മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. അശ്വിന്റ മുഖത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്. മുഖത്ത് നീരുണ്ട്. റോഹിന്‍ വിന്‍സന്റിനും മുഖത്ത് അടിയേറ്റ പാടുണ്ട്.  രക്ഷിതാക്കള്‍ തോപ്പുംപടി പോലിസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top