വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

മലപ്പുറം: ജില്ലാ പഞ്ചായത്തിനു കീഴിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനനിലവാരം, ഹാജര്‍നില തുടങ്ങിയ വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. ഈ വിവരങ്ങള്‍ രക്ഷിതാക്കളെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് വഴി അറിയിക്കുന്നതിനായി തയ്യാറാക്കിയ വെബ് അധിഷ്ടിത സംവിധാനമായ സഹായ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 88 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള വൈദ്യുതി ചെലവിലേക്കുള്ള 15.35 ലക്ഷം രൂപയുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന ഭൗതിക സൗകര്യങ്ങള്‍ ഇതിനകം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുമൊരുങ്ങിയിട്ടുണ്ട്. ഇതോടൊപ്പമാണ് പുതിയ കാലത്തിനു യോജിച്ച സാങ്കേതികത ഉള്‍പ്പെടുത്തി സഹായ സോഫ്റ്റ്‌വെയര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഇര്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പഠന, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളോടൊപ്പം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ ഹാജര്‍നിലയും അതത് ദിവസങ്ങളില്‍ രക്ഷിതാക്കള്‍ക്ക് എസ്എംഎസ് വഴി ലഭ്യമാവും. സ്‌കൂള്‍ വാഹനങ്ങളില്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളുടെ വാഹനത്തിന്റെ അപ്പോഴത്തെ നില സംബന്ധിച്ച നിരീക്ഷണങ്ങള്‍ക്കും സഹായയുടെ സഹായം ലഭ്യമാവും. സ്‌കൂളുകള്‍ക്ക് പ്രഖ്യാപിക്കുന്ന അവധികള്‍ സംബന്ധിച്ചും രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തിക്കാന്‍ ഇതിലൂടെ സാധ്യമാവും. സ്‌കൂളുകള്‍ക്ക് വിദ്യാര്‍ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും സഹായയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിരീക്ഷണ ചുമതലയുള്ള സംസ്ഥാന ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും സഹായ വെബ്സൈറ്റില്‍ പ്രവേശിച്ച് രഹസ്യ കോഡ് ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാനാവും. കാണാതായ കുട്ടികളെ സംബന്ധിച്ച വിവര ശേഖരണങ്ങള്‍ക്ക് പോലിസ് സേനയ്ക്കും വെബ്‌സൈറ്റ്് ഉപകാരപ്പെടും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ആരോഗ്യ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി സുധാകരന്‍, സെക്രട്ടറി പ്രീതി മേനോന്‍, ഫിനാന്‍സ് ഓഫിസര്‍ എ സി ഉബൈദുല്ല പങ്കെടുത്തു.

RELATED STORIES

Share it
Top