വിദ്യാര്‍ഥികളുടെ ശ്രമഫലമായി സ്‌നേഹവീടൊരുങ്ങുന്നു

ചിറ്റൂര്‍: വീടില്ലാത്തവര്‍ക്കൊരു വീട്’ അഭയം പദ്ധതിയിലെ വീടുപണി പൂര്‍ത്തീകരണത്തിലേക്കെത്തുന്നു. കഴിഞ്ഞ നാലുമാസം കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് അഞ്ചു ലക്ഷം രൂപ സ്വരൂപിച്ചു തത്തമംഗലം പള്ളത്താംമ്പുള്ളി സുകുമാരനും (രാജന്‍)കുടുംബത്തിനും ചിറ്റൂര്‍ കോളജിലെ എന്‍എസ്എസ് അംഗങ്ങള്‍ വീടുവച്ചു നല്‍കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന ദമ്പതികളും വിദ്യാര്‍ഥികളായ രണ്ടു മക്കള്‍ക്കുമാണ് വീട് പണിതു നല്‍കുന്നത്.
ഓലക്കുടിലില്‍നിന്നും വാര്‍പ്പ് വീട്ടിലേക്കു മാറുന്നതിലുള്ള സന്തോഷത്തിലാണ് കുടുംബം. ഒക്ടോബര്‍ രണ്ടിന് തറക്കല്ലിട്ട വീട് മാര്‍ച്ച് 19ന് ഗ്രഹപ്രവേശനം നടത്തുമെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം ഓഫിസര്‍മാരായ കെ പ്രദീഷ്, സി ജയന്തി അറിയിച്ചു.
വീടിനായുള്ള തറകീറല്‍, കല്ലുകെട്ടല്‍, ചുവരുനിര്‍മാണ സഹായം, കല്ലുകടത്തല്‍, വാര്‍ക്കപണി സഹായം, പെയിന്റിങ്, വാതില്‍ ജനലുകള്‍ പിടിപ്പിക്കല്‍ ഇതെല്ലാം വിദ്യാര്‍ഥികള്‍ തന്നെയാണ് ചെയ്തുതീര്‍ത്തത്. റോട്ടറി ക്ലബ് നല്‍കിയ 25 ചാക്ക് സിമന്റിനുള്ള ധനസഹായം ഒഴിച്ചാല്‍ അഞ്ചു ലക്ഷം രൂപയും വിദ്യാര്‍ഥികള്‍തന്നെയാണ് സ്വരൂപിച്ചെടുത്തത്.
പഴയ പത്രങ്ങള്‍ സംഭരിച്ചു വില്‍ക്കല്‍, ഭക്ഷ്യമേള സംഘടിപ്പിക്കല്‍, കലാമല്‍സരങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങി വിവിധങ്ങളായ ധനശേഖരണ പരിപാടികള്‍ ഇതിനായി സംഘടിപ്പിച്ചു. പാലക്കാട് കൊടുമ്പ് ചേപ്പിലംത്തിട്ട കണ്ടന്റെ കുടുംബത്തിനായുള്ള ഭവനനിര്‍മാണവും എന്‍എസ്എസ് അംഗങ്ങള്‍ ഏറ്റെടുത്തു നടത്തിവരുന്നു. വരുന്ന സപ്തംബര്‍ മാസത്തോടെ അതും പൂര്‍ത്തിയാകും.
വിദ്യാര്‍ഥിപ്രതിനിധികളായ സായ് പ്രശാന്ത്, എം ബി ഷാബിര്‍, എസ് പ്രമോദ്, കെ വൈഷ്ണ, വി ഷിജില്‍, എസ് സഞ്ജയ്, ആര്‍ ഷാനി, എം ജെസ്‌ന സംസാരിച്ചു.

RELATED STORIES

Share it
Top