വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷ: 25 ലക്ഷത്തിന്റെ പദ്ധതി

പുത്തനത്താണി: പൊന്‍മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്ത് വിദ്യാര്‍ഥികളുടെ അപകട ഭീതിയോടെയുള്ള യാത്ര ഒഴിവാക്കാന്‍ 25 ലക്ഷം രൂപയുടെ പദ്ധതിക്ക് പിഡബ്ല്യുഡി അനുമതി ലഭിച്ചതായി വി അബ്ദുര്‍റഹ്മാന്‍ എംഎ ല്‍എ അറിയിച്ചു. ബൈപാസ് പരിസരം മുതല്‍ പള്ളിക്ക് സമീപം വരെയുള്ള ഭാഗങ്ങളിലാണ് സുരക്ഷയൊരുക്കുന്നത്.
റോഡരികിനോട് ചേര്‍ന്ന ഭാഗം വീതി കൂട്ടി ഡ്രൈനേജ് നിര്‍മാണം, സ്ലാബിട്ട് നടപ്പാത നിര്‍മാണം, കൈവരി എന്നിവ സ്ഥാപിച്ച് റോഡിലേക്ക് ഇറങ്ങാതെ തന്നെ വിദ്യാര്‍ഥികള്‍ക്ക് നടന്നു പോകാന്‍ സൗകര്യമൊരുക്കുക. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഏറെ കാലത്തെ ആവശ്യമായിരുന്ന സുരക്ഷ സംബന്ധിച്ച് പിടിഎ, എംഎല്‍എക്ക് നിവേദനം നല്‍കിയിരുന്നു.
സംസ്ഥാന പാതയിലെ ഏറെ തിരക്കേറിയ മഞ്ചേരി-തിരൂര്‍ റോഡ് കടന്നുപോകുന്നത് സ്‌കൂളിന് മുന്‍വശത്ത് കൂടെയാണ്. റോഡരിക് വീതിയില്ലാത്തതിനാല്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ കുരുന്നു വിദ്യാര്‍ഥികളടക്കമുള്ളവര്‍ സ്‌കൂളിലേക്ക് വരുന്നതും തിരിച്ചു പോകുന്നതും വളരെ പ്രയാസപ്പെട്ടാണ്.
സ്‌കൂള്‍ ഗേറ്റ് വിട്ട് പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും റോഡില്‍ കയറി നടക്കേണ്ട അവസ്ഥയാണുള്ളത്. അപകട ഭീഷണി നിലനില്‍ക്കുന്നതിനാ ല്‍ ഇടവേള സമയത്ത് ഗേറ്റ് അടച്ചിട്ട് അത്യാവശ്യത്തിന് മാത്രം വിദ്യാര്‍ഥികളെ റോഡിലേക്ക് ഇറങ്ങാന്‍ അനുവാദം നല്‍കുന്നുള്ളു.
ഇതിന് പുറമെ സ്‌കൂള്‍ പരിസരത്തെത്തുമ്പോള്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ താത്കാലിക ബോര്‍ഡും പ്രവ്യത്തി ദിവസങ്ങളില്‍ റോഡില്‍ സ്ഥാപിക്കാറുണ്ട്. മഴക്കാലത്ത് റോഡരികില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ റോഡിലൂടെയുള്ള നടത്തവും അപകടം ക്ഷണിച്ച് വരുത്തുന്ന നിലയിലായിരുന്നു. ഓവുചാല്‍ നി ര്‍മിക്കുന്നതോടെ റോഡരികിലെ വെള്ളക്കെട്ടിനും പരിഹാരമാകും.

RELATED STORIES

Share it
Top