വിദ്യാര്‍ഥികളുടെ മരണം: വിതുമ്പലടക്കാനാവാതെ സഹപാഠികള്‍

അടൂര്‍: സഹപാഠികളായ മൂന്നു പേരുടെ മരണവാര്‍ത്ത കേട്ടാണ് നെടുമണ്‍ ഗവ. വിഎച്ച്എസ്എസിലെ വിദ്യാര്‍ഥികള്‍ ഇന്നലെ വിദ്യാലയത്തിലെത്തിയത്. ചിലര്‍ വിദ്യാലയത്തിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. സ്‌കൂളിലെ ഒന്നാം വര്‍ഷ കോമേഴ്‌സ് വിദ്യാര്‍ഥികളായ വിഷാദ്, വിമല്‍, ചാള്‍സ് എന്നവരാണ് എംസി റോഡില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ മിനി ലോറിയിലിടിച്ചു മരണത്തിന് കീഴടങ്ങിയത്. കൂട്ടുകാരുടെ ചേതനയറ്റ ശരീരം കാണാന്‍ കൂട്ടുകാര്‍ രാവിലെ മുതല്‍ ജലപാനം പോലും കഴിക്കാതെ കാത്തിരുന്നു. ഉച്ചകഴിഞ്ഞ് 2.15നാണ് മൂന്ന് ആംബുലന്‍സുകളില്‍ മൂവരുടെയും മൃതദേഹങ്ങള്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് കൊണ്ടുവരുമെന്നറിഞ്ഞ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കകളും ഗ്രാമവാസികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വിദ്യാലയ മുറ്റത്ത് തിങ്ങിനിറഞ്ഞിരുന്നു. സ്‌കൂളിലെ ഓപണ്‍ എയര്‍ സ്‌റ്റേജിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചത്. കൂട്ടുകാരുടെ വേര്‍പാട് സഹിക്കാനാകാതെ സഹപാഠികള്‍ പൊട്ടിക്കരയുകയും വിതുമ്പലടക്കാന്‍ പാടുപെടുകയും ചെയ്യുന്നതു കാണാമായിരുന്നു. ശോകമൂകമായ അന്തരീക്ഷത്തില്‍ 2.45ന് മൃതദേഹങ്ങള്‍ ആംബുലന്‍സുകളില്‍ തിരികെ കയറ്റി. വിഷാദിന്റെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടിലേക്കും വിമലിന്റെയും ചാള്‍സിന്റെയും മൃതദേഹം ചായലോട് മൗണ്ട് സീയോന്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കും കൊണ്ടുപോയി.

RELATED STORIES

Share it
Top