വിദ്യാര്‍ഥികളുടെ മഞ്ഞപ്പിത്ത ബാധ: റിപോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യ വകുപ്പ്

തൃശൂര്‍: ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ നാനൂറോളം വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്ത രോഗബാധ സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേക സാഹചര്യം നിലനില്‍ക്കെയാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഫോണിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
മഞ്ഞപ്പിത്തം പടരുന്നതുമൂലം എന്‍ജിനീയറിംഗ് കോളജിലെ വിവിധ ഹോസ്റ്റലുകളില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥികളും ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവരും ദുരിതം അനുഭവിക്കുകയാണെന്നും രോഗഭീഷണി മേഖലയില്‍ വ്യാപകമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഡി.എം.ഒ. യുടെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി ഹെല്‍ത്ത് മേധാവി ഡോ. നിലീന കോശിയുടെ നേതൃത്വത്തിലുള്ള 25 ഓളം വരുന്ന മെഡിക്കല്‍ സംഘം കാംപസില്‍ പരിശോധന നടത്തിയത്. കൂടാതെ രക്തത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡി.എം.ഒ.  ഡോ. ബേബിലക്ഷ്മി പറഞ്ഞു. അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡിഎംഒ അറിയിച്ചു.

RELATED STORIES

Share it
Top