വിദ്യാര്‍ഥികളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎം ശ്രമമെന്ന്

ചിറ്റാര്‍: വിദ്യാര്‍ഥികളുടെ പേരില്‍ ചിറ്റാറില്‍ രാഷ്ട്രീയ മുതലെടുപ്പിന് സിപിഎമ്മും ഡിവൈഎഫ്‌ഐയും ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ. ചിറ്റാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്എഫ്‌ഐയുടെ ഏകാധിപത്യത്തിനെതിരേ കാംപസ്ഫ്രണ്ട് രംഗത്തുവന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എസ്എഫ്‌ഐക്ക് സ്‌കുളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുകയും മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ തള്ളിപ്പറയുകയും ചെയ്യുന്ന സിപിഎം മനോഭാവം അംഗീകരിക്കാനാവില്ലെന്ന് എസ്ഡിപിഐ കോന്നി മണ്ഡലം സെക്രട്ടറി ദിലീപ് ചിറ്റാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എസ്എഫ്‌ഐ അല്ലാതെ മറ്റൊരു വിദ്യാര്‍ഥി സംഘടനകളും കലാലയങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കാംപസ് ഫ്രണ്ടിന്റേയും എസ്എഫ്‌ഐയുടെയും കൊടിമരം നശിപ്പിച്ചത് സിപിഎം ബോധപൂര്‍വ്വം ചെയ്തതാണെന്ന് പിന്നീടുള്ള പ്രകടനങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്. മാത്രമല്ല, സ്‌കൂളിലെ പിടിഎ പ്രസിഡന്റും സിപിഎം നേതാവുമായ എം എസ് രാജേന്ദ്രന്റെ നിലപാടും ദുരൂഹമാണ്. സ്‌കൂളില്‍ പ്രവേശന ചടങ്ങുകള്‍ സംഘടിപ്പ് കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരോട് ഭീഷണിയുടെ സ്വരത്തിലാണ് രാജേന്ദ്രന്‍ സംസാരിച്ചത്. തുടര്‍ന്നാണ് രാത്രിയുടെ മറവില്‍ കാംപസ് ഫ്രണ്ടിന്റെ കൊടിമരങ്ങളും ബാനറുകള്‍ നശിപ്പിച്ചത്. കള്ളക്കഥകള്‍ എത്ര മെനഞ്ഞാലും സിപിഎമ്മിന്റെ കപടത ചിറ്റാറിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ദിലീപ് വ്യക്തമാക്കി.

RELATED STORIES

Share it
Top