വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍ശന നിരീക്ഷണം വേണം :എം ബി രാജേഷ് എംപിപാലക്കാട്:പുതൂര്‍ പഞ്ചായത്തിലുള്‍പ്പെടെ ആദിവാസി മേഖലയിലെ സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ കര്‍ശന നിരീക്ഷണം വേണമെന്ന് എം ബി രാജേഷ് എംപി വിദ്യഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുട്ടികളെ ഇത്തരത്തില്‍ പഠനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രധാനാധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. സന്‍സദ് ആദര്‍ശ് ഗ്രാമ യോജന കേന്ദ്രപദ്ധതി പ്രകാരം പൂതൂര്‍ പഞ്ചായത്തിലെ പുരോഗമന പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിലാണ് എംപിയുടെ നിര്‍ദേശം. പഞ്ചായത്തിലെ  എസ്എസ്എല്‍സി പരീക്ഷാഫലം മെച്ചപ്പെടുത്താന്‍ പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ പ്രദേശത്തെ പ്രശ്‌നങ്ങള്‍ വിലയിരുത്തി കൂട്ടായി പ്രവര്‍ത്തിക്കണം. പഞ്ചായത്തില്‍ ആവശ്യമുളള അങ്കണവാടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും എംപി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 21 അങ്കണവാടികളുടെ ആവശ്യകതയാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ രണ്ടെണ്ണം പിഡബ്ല്യുയുഡി കെട്ടിടവിഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 14 എണ്ണത്തിന്റെ  നിര്‍മാണപ്രവര്‍ത്തനം തൊഴിലുറപ്പ് പദ്ധതി സാമൂഹിക നീതി വകുപ്പിന്റേയും ഗ്രാമപ്പഞ്ചായത്തിന്റേയും സഹകരണത്തോടെ പുര്‍ത്തിയാക്കാനാണ് നിര്‍ദേശം. ബാക്കിയുളളവയുടെ നിര്‍മാണപ്രവര്‍ത്തനം പിഡബ്ല്യുയുഡി കെട്ടിടവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കും.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഫണ്ടുകള്‍ തികയാത്തപക്ഷം എംപി ഫണ്ട് ലഭ്യമാക്കാമെന്ന് എംപി യോഗത്തില്‍ ഉറപ്പ് നല്‍കി. പൂതൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഒപി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിച്ച് വരികയാണെന്നും  ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു . കെട്ടിടത്തിന്റെ നിര്‍മാണം ഈ മാസം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. പുതൂര്‍ പഞ്ചായത്തില്‍ അപേക്ഷിച്ച 195 കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് കെഎസ്ഇബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. മേഖലയില്‍ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കാത്തവരുണ്ടെങ്കില്‍ എസ്ടി പ്രമോട്ടര്‍മാര്‍ വഴി അവരെ കണ്ടെത്തണം.പഞ്ചായത്തിലെ ചില മേഖലകളില്‍ ലൈന്‍ വലിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ അനെര്‍ട്ടുമായി കൂടിയാലോചിച്ച് സൗരോര്‍ജ വൈദ്യുതി ഉല്‍പാദനത്തിന്റെ സാധ്യത പരിശോധിച്ച് പ്രോജക്ട് തയ്യാറാക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരോട് എംപി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ പരിസ്ഥിതി പരിപാലനവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിനത്തില്‍ രണ്ടു വര്‍ഷം പ്രായമായ മരതൈകള്‍ ലഭ്യമാക്കാനും അവയുടെ പരിപാലനം തൊഴിലുറപ്പ് പദ്ധതിയുടേയും ഊരു സമിതികളുടേയും മേല്‍നോട്ടത്തില്‍ നടപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് എംപിയുടെ നിര്‍ദ്ദേശമുണ്ട്.  യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി, അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍, പൂതൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top