വിദ്യാര്‍ഥികളുടെ കാന്റീനിലെ ഭക്ഷണ വിതരണത്തെ ചൊല്ലി വിവാദം

സ്വന്തം പ്രതിനിധി
മഞ്ചേരി: വിദ്യാര്‍ഥികളുടെ കാന്റീനില്‍ വിളമ്പുന്ന ഭക്ഷത്തെ ചൊല്ലി മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിവാദം. മെസ് നടത്തിപ്പ് നല്‍കുന്നതിനായി ടെണ്ടര്‍ നല്‍കിയവരുടെ യോഗം നടക്കുന്നതിനിടെ ഇക്കാലമത്രയും ഭക്ഷണം നല്‍കിയ ഇന്ദിരാജി വനിത സഹകരണ സംഘം പ്രതിഷേധവുമായി രംഗത്തുവന്നു. എസ്‌സി വിഭാഗത്തിലും ജനറല്‍ വിഭാഗത്തിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്‍കിയ ഇനത്തില്‍ ലഭിക്കാനുള്ള കുടിശ്ശിക തുക ലഭിക്കാതെ ഭക്ഷണ വിതരണം മറ്റുള്ളവരെ ഏല്‍പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ടെന്‍ഡര്‍ സംബന്ധിച്ചുള്ള യോഗം നടക്കാനിരിക്കെ, കിട്ടാനുള്ള തുകയാവശ്യപ്പെട്ട് സംഘം പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ അഡ്വ. ബീന ജോസഫിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ഹോസ്റ്റല്‍ താമസക്കാരായ 350 വിദ്യാര്‍ഥികള്‍ക്കും നാലുനേരം സംഘം ഭക്ഷണം എത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ ഭക്ഷണ വിതരണം ഈ സംഘമാണ് നടത്തി പോരുന്നത്.
തങ്ങള്‍ക്ക് കുടിശ്ശികയിനത്തില്‍ ലഭിക്കാനുള്ള തുക അനുവദിക്കാതെ ഭക്ഷണ വിതരണത്തിന് പുതിയ ഏജന്‍സിയെ ഏല്‍പ്പിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി പ്രതിഷേധക്കാര്‍ പിന്നീടറിയിച്ചു. അതേ സമയം, മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ മോശപ്പെട്ട ഭക്ഷണം വിതരണം ചെയുന്ന മെസ് നടത്തിപ്പുകാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ഒരു വിഭാഗവും പ്രതിഷേധിച്ചു.
മെഡിക്കല്‍ കോളജ് ഉദ്ഘാടനസമയം ടെന്‍ഡറും ക്വട്ടേഷനും ഇല്ലാതെ ഹോസ്റ്റലില്‍ ഭക്ഷണമെത്തിക്കാന്‍ ഇന്ദിരാജി വനിത സഹകരണ സംഘത്തിന് താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു. ചില അധ്യാപകരുടേയും കോളജ് അധികൃതരുടെയും ഒത്താശയോടെ ഇത് പിന്നീട് തുടരുകയായിരുന്നുവെന്നും പ്രതിഷേധവുമായെത്തിയ വിദ്യാര്‍ഥികള്‍ ആരോപിച്ചു.

RELATED STORIES

Share it
Top