വിദ്യാര്‍ഥികളുടെ കണ്‍സഷന്‍: ബസ്സുടമകള്‍ രണ്ടുതട്ടില്‍

പട്ടാമ്പി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രക്കൂലിയില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന് ഒരുവിഭാഗം ബസുടമകളുടെ തീരുമാനത്തില്‍ ഭിന്നത. വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡി നല്‍കണമെന്നാണു ബസുടമകളുടെ ആവശ്യം.
ഇന്ധന വില കുതിച്ച് കയറി കൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഒരു വിഭാഗം ബസുടമകള്‍ അറിയിച്ചു. അതേ സമയം വിദ്യാര്‍ഥികളുടെ കണ്‍സഷനെ അനുകൂലിച്ച് മറ്റൊരു വിഭാഗം ബസുടമകള്‍ രംഗത്ത് വന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനാണ് കണ്‍സഷനെ അനുകൂലിച്ച് രംഗത്തെത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന നിലപാട് സംഘടനക്കില്ലെന്നും, എന്നാല്‍ യാത്രാ നിരക്കില്‍ പരിഷ്‌കരണം കൊണ്ടുവരണമെന്നും അവര്‍  പറഞ്ഞു. ഇവിടെ വിവാദങ്ങളുണ്ടാക്കുന്നത് വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കില്ലെന്ന് ഒരുവിഭാഗം ബസുടമകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളുന്ന തീരുമാനമായതിനാലാണു കണ്‍സഷനെ ഒരു വിഭാഗം ബസുടമകള്‍ അനുകൂലിച്ചിരിക്കുന്നതെന്ന് കരുതപ്പെടുന്നു.

RELATED STORIES

Share it
Top