വിദ്യാര്‍ഥികളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കരുത്: യുജിസി

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്നു യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യുജിസി). ഇതു സംബന്ധിച്ച് യുജിസി വിജ്ഞാപനം പുറപ്പെടുവിച്ചു. പ്രവേശനത്തിനു വിദ്യാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് നല്‍കിയാല്‍ മതിയാവും.
പ്രവേശന സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മാത്രമേ കോളജുകള്‍ക്ക് അധികാരമുള്ളൂ. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ പിന്നീട് സ്ഥാപനം മാറുകയോ, കോഴ്‌സ് ഉപേക്ഷിക്കുകയോ ചെയ്യുകയാണെങ്കില്‍ വാങ്ങിയ ഫീസ് ഉപാധികള്‍ക്ക് വിധേയമായി കോളജുകള്‍ തിരിച്ചു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
സ്ഥാപനം മാറുന്നതോ, കോഴ്‌സ് ഉപേക്ഷിക്കുന്നതോ, പ്രവേശന നടപടികള്‍ അവസാനിക്കുന്നതിന്റ 15 ദിവസം മുമ്പാണു വിദ്യാര്‍ഥി അറിയിക്കുന്നതെങ്കില്‍ മുഴുവന്‍ ഫീസും നല്‍കണം. 15 ദിവസത്തിനകത്താണെങ്കില്‍ 90 ശതമാനം ഫീസ് നല്‍കിയിരിക്കണം. പ്രവേശനം പൂര്‍ത്തിയായി 15 ദിവസത്തിനുള്ളിലാണെങ്കില്‍ 80 ശതമാനം ഫീസ് നല്‍കണം. 15 ദിവസം മുതല്‍ ഒരു മാസത്തിനിടെ ആണെങ്കില്‍ 50 ശതമാനം ഫീസ് മടക്കി നല്‍കിയാല്‍ മതിയാവും. സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ പ്രവേശന നടപടിക്രമങ്ങളുടെ ചെലവിലേക്ക് ഫീസിന്റെ അഞ്ചു ശതമാനമോ പരാമാവധി 5,000 രൂപ വരെയോ ഇടാക്കാം.
പ്രവേശന നടപടികള്‍ അവസാനിച്ച് ഒരു മാസത്തിന് ശേഷമാണെങ്കില്‍ ഫീസ് മടക്കേണ്ടി നല്‍കണമെന്നില്ല. ഇതു പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ, ഗ്രാന്റ് എടുത്തുകളയുക, അനുമതി റദ്ദാക്കുക തുടങ്ങിയ നടപടികള്‍ നേരിടേണ്ടി വരുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഇത് നിലവില്‍വരുമെന്നും എന്‍ജിനീയറിങ് കോളജുകള്‍ക്കും നിര്‍ദേശം ബാധകമാണെന്നും മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top