വിദ്യാര്‍ഥികളില്‍ ശുചിത്വപാഠം പകരാന്‍ ജാഗ്രതോല്‍സവം

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ജാഗ്രതോല്‍സവം 2018 കാംപയിന്‍ വിജയിപ്പിക്കുന്നതിന് പഞ്ചായത്ത്, കോര്‍പറേഷന്‍ നഗരസഭകളുടെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്നു. യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് അധ്യക്ഷത വഹിച്ചു.
സാക്ഷരത മിഷന്‍, ശുചിത്വ മിഷന്‍, ആരോഗ്യ വകുപ്പ്, നഗരകാര്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ജാഗ്രതോല്‍സവം സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കിടയിലേക്ക് ശുചിത്വബോധം പകര്‍ന്നുകൊടുക്കാന്‍ ദ്വിദിന ക്യാംപ് നടത്തുകയാണ് കാംപയിന്റെ പ്രധാന ഉദ്ദേശ്യം. എല്ലാ ഗ്രാമപ്പഞ്ചായത്ത് നഗരസഭാ വാര്‍ഡുകളിലേയും അഞ്ച് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് ജാഗ്രതോല്‍സവത്തി ല്‍ പങ്കെടുക്കേണ്ടത്. കുട്ടികളിലൂടെ വരുംതലമുറയിലേക്ക് ശുചിത്വപാഠം പകര്‍ന്നു നല്‍കുകയാണ് ക്യാംപയിന്റെ പ്രധാന ലക്ഷ്യമെന്ന് അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍ പങ്കെടുത്തു.
ജാഗ്രതോല്‍സവത്തിന്റെ വിവിധ തട്ടുകളിലുള്ള പരിശീലനത്തിന്റേയും ക്യാംപു നടത്തിപ്പിന്റേയും സംഘാടനം സംബന്ധിച്ച് കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സണ്‍ പി കെ ശ്രീനി വിശദീകരിച്ചു. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ.ഗോപകുമാര്‍, ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി റുബീന  സംസാരിച്ചു.

RELATED STORIES

Share it
Top