വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.
നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ക്കും ഐടിഐ കൗണ്‍സലിങ്ങിനും അവധി ബാധകമല്ല. അതേസമയം, കൊച്ചി സര്‍വകലാശാലയ്ക്ക് ഇന്ന് പ്രവൃത്തി ദിനമായിരിക്കും. ക്ലാസുകള്‍ ഉണ്ടായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികള്‍ തടസ്സമില്ലാതെ നടക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
നാളെവരെ അതിശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴുവരെ) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം.
കടലില്‍ ഇറങ്ങരുത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top