വിദ്യാഭ്യാസ സംവിധാനം സാമൂഹിക പ്രതിബദ്ധതയുള്ളതാവണം: മുഹമ്മദ് ബഷീര്‍

കായംകുളം: മനുഷ്യനെ സ്വന്തത്തിലേക്ക് ചുരുക്കി വരേണ്യ വിഭാഗമായി മാറ്റുന്ന വിദ്യാഭ്യാസരീതിയില്‍ നിന്നു മാറി സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാഭ്യാസ സംവിധാനങ്ങളാണ് രാജ്യത്തിനാവശ്യമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ട് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി കായംകുളം ടൗണ്‍ ഹാളില്‍ നടന്ന സ്‌കോളര്‍ഷിപ്പ് രണ്ടാംഘട്ട വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മുസ്‌ലിംകളടക്കമുള്ള പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളുടെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍.
സത്യത്തിനും നീതിക്കും വേണ്ടി പണിയെടുക്കുന്ന മുഴുവന്‍ ആളുകളെയും വേട്ടയാടിയതായി ചരിത്രത്തില്‍ കാണാം. സമാനമായ വേട്ടയാടലുകളിലൂടെയാണ് പോപുലര്‍ ഫ്രണ്ട് കടന്നുപോവുന്നത്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാധ്യമങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും ഭരണകൂടം ഉപയോഗിക്കുന്നു.
ഇത്തരം പ്രചാരണങ്ങള്‍ക്കിടയില്‍ വരികള്‍ക്കിടയിലൂടെ വായിച്ച് സത്യം മനസ്സിലാക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് നവാസ് നൈന അധ്യക്ഷത വഹിച്ചു.
ആക്‌സസ് സീനിയര്‍ ട്രയിനര്‍ അസ്‌ലം പേരാമ്പ്രയും നാഷനല്‍ കോ-ഓഡിനേറ്റര്‍ സി കെ റാഷിദും ക്ലാസെടുത്തു. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സ്‌റ്റേറ്റ് കോ-ഓഡിനേറ്റര്‍മാരായ എം എച്ച് ഷിഹാസ് സ്വാഗതവും സിദ്ദീഖുല്‍ അക്ബര്‍ നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top