വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതി : ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം രണ്ടാഴ്ചയ്ക്കകംഎന്‍ എ ശിഹാബ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാവും. അപേക്ഷകളില്‍ തീരുമാനമുണ്ടാവാതെ കിടക്കുന്ന പതിവു രീതി അവസാനിപ്പിക്കുന്നതിനാ—ണ് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനം ധനവകുപ്പ് നടപ്പാക്കുന്നത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുമായി ചേര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ധനവകുപ്പ് തയ്യാറാക്കുക. വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതി അനുസരിച്ച് അപേക്ഷ ലഭിച്ചാല്‍ ഒരു മാസത്തിനകം സംസ്ഥാനസര്‍ക്കാര്‍ തുക ബാങ്കിന് ഓണ്‍ലൈനായി കൈമാറും. കുടിശ്ശികയായി കിടക്കുന്ന തുകയുടെ 60% വരെ സര്‍ക്കാര്‍ അടയ്ക്കുന്നതാണു പദ്ധതി. പരമാവധി 2.4 ലക്ഷം രൂപ വരെയാണ് ഇത്തരത്തില്‍ തിരിച്ചടയ്ക്കുക. വായ്പയെടുത്തയാള്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ബാങ്കില്‍ സമര്‍പ്പിക്കണം. ഇതു പരിശോധിച്ച് ഓണ്‍ലൈനായി അംഗീകാരം നല്‍കേണ്ടതു ബാങ്കാണ്. അതിനു ശേഷം, സംസ്ഥാനതല ബാങ്കേഴ്‌സ് സമിതികൂടി പരിശോധിച്ചു ധനവകുപ്പിനു ശുപാര്‍ശ കൈമാറും. തുടര്‍ന്ന്, പണം അനുവദിച്ചുള്ള ഉത്തരവ് ധനവകുപ്പ് തയ്യാറാക്കി അംഗീകരിക്കുകയും പണം ബാങ്കിനു കൈമാറുകയും ചെയ്യും. ബാക്കി തുക കൂടി അപേക്ഷകന്‍ ബാങ്കില്‍ അടച്ചാല്‍ തിരിച്ചടവ് പൂര്‍ത്തിയാവും. ഈ ഇനത്തില്‍ 500 കോടിയിലേറെ രൂപ ധനസഹായമായി നല്‍കേണ്ടിവരുമെന്നാണു ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. 2016 മാര്‍ച്ച് 31നു മുമ്പ് നിഷ്‌ക്രിയ ആസ്തിയായ വായ്പയ്ക്കാണ് ആനുകൂല്യം. ഒമ്പതു ലക്ഷം രൂപവരെയുള്ള വായ്പയുടെ അടച്ചതുക കഴിച്ചു ബാക്കിയുള്ള തുകയുടെ 50ശതമാനം ഇളവ് ലഭിക്കും. ഇതിലും പരമാവധി 2.4 ലക്ഷമാണു സര്‍ക്കാര്‍ സഹായം. ബാക്കി അടയ്‌ക്കേണ്ട തുക ബാങ്കുകള്‍ പുനക്രമീകരിച്ചു നല്‍കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. നാലുലക്ഷം വരെയുള്ള വായ്പാ തുകയുടെ 40% അടച്ചുകഴിഞ്ഞവര്‍ക്കു ബാക്കി 60 ശതമാനം തുക സര്‍ക്കാര്‍ നല്‍കും. ആറുലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജോലി ലഭിക്കാത്തതിനെ തുടര്‍ന്നു വായ്പാ തിരിച്ചടവിനു സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കു ജോലി ലഭിക്കുന്നതുവരെയോ പരമാവധി നാലുവര്‍ഷം വരെയോ വായ്പാ തുകയുടെ തിരിച്ചടവ് സര്‍ക്കാര്‍ വഹിക്കും. ആദ്യ വര്‍ഷം അടയ്‌ക്കേണ്ടിവരുന്ന തുകയുടെ 90 ശതമാനവും രണ്ടാംവര്‍ഷത്തെ 75 ശതമാനവും മൂന്നാംവര്‍ഷത്തെ 50 ശതമാനവും നാലാംവര്‍ഷത്തെ 25 ശതമാനവുമാവും തിരിച്ചടയ്ക്കുക. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കായി എടുത്ത വായ്പയ്ക്കു കുടുംബവാര്‍ഷിക വരുമാനം ഒമ്പതുലക്ഷം രൂപവരെയാണെങ്കിലും പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിദ്യാഭ്യാസവായ്പ എടുത്ത ശേഷം മരിച്ച വിദ്യാര്‍ഥികളുടെ വായ്പാ തുകയും അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ചവരുടെ വായ്പാ തുകയും പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. കൃത്യമായി മുതലും പലിശയും തിരിച്ചടയ്ക്കുന്നവരുടെ പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും. വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ ജൂലൈ മൂന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദാലത്ത് നടക്കുന്നുവെന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വഞ്ചിതരാവരുതെന്നു ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top