വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് പദ്ധതിയില്‍ ന്യൂനത

കല്‍പ്പറ്റ: വിദ്യഭ്യാസ വായ്പയെടുത്ത് കടബാധ്യതയിലാവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയില്‍ ന്യൂനത. 15 ശതമാനം പേര്‍ക്കു മാത്രമേ പദ്ധതി ഉപകാരപ്രദമാവുന്നുള്ളൂവെന്ന് എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. നഴ്‌സിങ് ഒഴികെ മെറിറ്റ് ക്വാട്ടയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ എന്ന സര്‍ക്കാര്‍ നിബന്ധന മൂലം 85 ശതമാനത്തിലധികം വരുന്ന മാനേജ്‌മെന്റ്, എന്‍ആര്‍ഐ ക്വാട്ടയില്‍ പെട്ടവര്‍ പദ്ധതിക്ക് പുറത്താണ്. എസ്ബിടി-എസ്ബിഐ ബാങ്കുകളുടെ ലയനത്തെ തുടര്‍ന്ന് എസ്ബിടിയില്‍ നിന്ന് വായ്പയെടുത്തവര്‍ പ്രതിസന്ധിയിലായി.
ബാങ്ക് ലയനത്തിന് മുമ്പുതന്നെ എസ്ബിടി ലോണ്‍ രേഖകള്‍ കുത്തക കമ്പനിക്ക് കൈമാറിയതുകൊണ്ട് ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്നാണ് എസ്ബ്‌ഐ നിലപാട്. വായ്പാ രേഖകള്‍ കൈവശമില്ലാത്തതു കൊണ്ട് ഇവര്‍ക്ക് ഇഎല്‍ആര്‍എസ് പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, കുത്തക കമ്പനിയുമായി തങ്ങള്‍ക്ക് യാതൊരു വിധ സാമ്പത്തിക ഇടപാടോ കരാറോ ഇല്ലെന്നും അതുകൊണ്ടു തന്നെ അവര്‍ക്ക് പണം നല്‍കേണ്ട ബാധ്യത ഇല്ലെന്നുമാണ് വായ്പയെടുത്തവരുടെ നിലപാട്.
എജ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ 21ന് ജില്ലാ കണ്‍വന്‍ഷന്‍ നടത്തും. സംസ്ഥാന പ്രസിഡന്റ് എന്‍ നാരായണന്‍ മൂസത്, സെക്രട്ടറി ഇ വി തോമസ് പങ്കെടുത്തു.

RELATED STORIES

Share it
Top