വിദ്യാഭ്യാസ -യുവജന ക്ഷേമ പദ്ധതികള്‍ക്കായി 15 കോടികോഴിക്കോട്: കോര്‍പറേഷനില്‍ വിദ്യാഭ്യാസ, കായിക, യുവജന ക്ഷേമ പദ്ധതികള്‍ക്കായി 15 കോടിയുടെ പദ്ധതി. ഡിപിസി അംഗീകാരം ലഭിക്കുന്നതോടെ അടുത്ത മാസത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. കോര്‍പറേഷനില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കും. ക്ലാസുമുറി, അടുക്കള, ഭക്ഷണ ശാല, ഹാള്‍, ലാബുകള്‍, ലൈബ്രറികള്‍ തുടങ്ങിയവയ്ക്കാണ് ഫണ്ട് അനുവദിക്കുക. ഈ വര്‍ഷവും അടുത്ത വര്‍ഷവും അഞ്ച് കോടി വീതം അനുവദിക്കും. കോര്‍പറേഷന്‍ പരിധിയിലെ 35 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പ്രഭാത ഭക്ഷണത്തിന് 40 ലക്ഷം നീക്കി വച്ചു. കഴിഞ്ഞ വര്‍ഷം എല്‍പി സ്‌കൂളില്‍ നടപ്പാക്കിയ പദ്ധതി ഇത്തവണ പ്രീ പ്രൈമറി സ്‌കൂളുകളിലും നടപ്പാക്കും. ഒരു വിദ്യാര്‍ഥിക്ക് ഒമ്പതുരൂപയാണ് ലഭിക്കുക. സ്‌കൂളുകളിലെ കുടിവെള്ള പദ്ധതിക്കായി അഞ്ച് ലക്ഷം നീക്കി വച്ചു. സ്‌കൂളുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കും. ഇതിനായി 40 ലക്ഷം രൂപയാണ് നീക്കി വച്ചത്. ഐടി കംപ്യൂട്ടര്‍ അനുബന്ധ സാധനങ്ങള്‍ സ്ഥാപിക്കുന്നതിനായി 40 ലക്ഷം രൂപയും നീക്കി വച്ചു. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് 50 ലക്ഷം, വിജയോല്‍സവത്തിന് 20 ലക്ഷം, മാതൃകാ ഭക്ഷണശാലയ്ക്ക് 3 ലക്ഷം, സാംസ്‌കാരിക പരിപാടികള്‍ക്ക് 3 ലക്ഷം, ഒരു സ്‌കൂള്‍ ഒരു ഗെയിം പരിപാടിക്ക് 15 ലക്ഷം, സ്‌കൂളുകളില്‍ സിസിടിവി സ്ഥാപിക്കുന്നതിനായി 20  ലക്ഷം, നഗര പത്രിക പത്രത്തിനായി രണ്ട് ലക്ഷം രൂപ എന്നിങ്ങനെയും നീക്കി വച്ചിട്ടുണ്ട്. സാക്ഷരതാ കേന്ദ്രങ്ങളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിന് 10 ലക്ഷം, യുവാക്കള്‍ക്ക് കായിക പരിശീലനത്തിനായി 15 ലക്ഷം എന്നിങ്ങനെയും നീക്കിവയ്പ്പ്്. ഏഴ് സ്ഥലങ്ങളില്‍ സ്റ്റേഡിയത്തിനായി 70 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. പൂളാടിക്കുന്ന്, പൂളക്കടവ്, എരഞ്ഞിപ്പാലം, വേങ്ങേരി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് സ്റ്റേഡിയം. നീന്തല്‍കുളങ്ങള്‍ക്കായി 10 ലക്ഷത്തിന്റെ പദ്ധതിയുമുണ്ട്.

RELATED STORIES

Share it
Top