വിദ്യാഭ്യാസ മേഖലയില്‍ നൂതന സംഭാവനകള്‍ സമ്മാനിച്ച ജില്ലാ ഓഫിസര്‍ വിരമിക്കുന്നു

അമ്പലപ്പുഴ: വിദ്യാഭ്യാസമേഖലയില്‍ നൂതനസംഭാവനകള്‍ സമ്മാനിച്ച ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ പടിയിറങ്ങുന്നു. അമ്പലപ്പുഴ കോമന പ്ലാക്കുടി ലൈനില്‍ പാലാഴിയില്‍ വീട്ടില്‍ കെ പി കൃഷ്ണദാസാണ് 34 വര്‍ഷത്തെ സേവനത്തിനുശേഷം ജോലിയില്‍നിന്ന് 31 ന് വിരമിക്കുന്നത്. 1984 ല്‍ എല്‍ എം എച്ച് എസില്‍ നിന്നാണ് കൃഷ്ണദാസ് അധ്യാപകവൃത്തിക്ക് തുടക്കം കുറിക്കുന്നത്.
88 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ത്തല ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. കെ എസ് ടി എ യുടെ സജീവപ്രവര്‍ത്തകനുമായി. വിദ്യാഭ്യാസമേഖലയില്‍ വേറിട്ട പ്രവര്‍ത്തനം ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായി, അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസഓഫീസര്‍ ആയിരിക്കെ ക്ലാസ് റൂം ലൈബ്രറിയക്ക് തുടക്കം കുറിച്ചു. ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെ കുട്ടികളെ വായനയിലേയക്ക് ആകൃഷ്ടരാക്കാന്‍ നടത്തിയ ക്ലസ് റൂം ലൈബ്രറിയുടെ പ്രവര്‍ത്തനം ഏവരുടെയും ആദരവ് പിടിച്ചുപറ്റി. ഇതോടെ സംസ്ഥാനത്തുതന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാഭ്യാസ ഉപജില്ലയായി അമ്പലപ്പുഴമാറി. തുടര്‍ന്ന് അമ്പലപ്പുഴ മോഡല്‍ക്ലാസ് റൂം ലൈബ്രറി എന്ന പേരില്‍ സംസ്ഥുനതലത്തില്‍ അറിയപ്പെട്ട ഈ പദ്ധതി സര്‍വ്വശിക്ഷാ അഭിയാന്‍( എസ് എസ് എ), രാഷ്ട്രീയമാധ്യമിക് ശിക്ഷഅഭിയാന്‍( ആര്‍ എം എസ് എ) വഴി വിദ്യാഭ്യാസവകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കി.
പിന്നീട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അവയുടെ വാര്‍ഷിക പദ്ധതിയിലും ഈ പ്രോജക്ട് ഉള്‍പ്പെടുത്തി. ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ആയിരിക്കെ എച്ച് എസ് വിഭാഗം കുട്ടികളുടെ ഭാഷാപരമായ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുവാനും അവരെ വായനയിലേയ്ക്ക് നയിക്കുവാനും’എന്റെ മലയാളം’ ഭാഷാപരിപോഷണ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. വിദ്യാഭ്യാസവകുപ്പ് ആര്‍ എം എസ് എ വഴി മറ്റുജില്ലകളിലേയക്ക് പിന്നീട് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി കൈക്കൊണ്ടു. വിദ്യാര്‍ത്ഥികള്‍ക്കായി കലാപരവും സ്വതസിദ്ധവുമായ കഴിവുകള്‍ കണ്ടെത്തുന്നതിനും അതിലൂടെ ജീവിതവഴിത്താര തെളിയിക്കുന്നതിനുമായി സിനിമ തിരക്കഥ സംവിധാനം ഛായാഗ്രഹണം എന്ന പ്രേജക്ടിന് ഈ അധ്യായന വര്‍ഷത്തില്‍ ആരംഭം കുറിച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി തകഴി സ്മാരകത്തില്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി സി രവീന്ദ്രനാഥാണ് തിരിതെളിയിച്ചത്.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച അമ്പലപ്പുഴയുടെ മണ്ണില്‍നിന്നും ക്ലാസ്രൂം ലൈബ്രറി ഉള്‍പ്പെടെയുള്ള ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച കെ പി കൃഷ്ണദാസിന്റെ വിദ്യാഭ്യാസ ആസൂത്രണ നിര്‍വഹണത്തിന് ദേശീയസര്‍വകലാശാലയായ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷ്ണല്‍ പ്ലാനിങ് ആന്റ് അഡ്മിനിസ്‌ട്രേഷന്റെ ദേശീയപുരസ്‌ക്കാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്‌ക്കാരങ്ങളും നേടാനായി.

RELATED STORIES

Share it
Top