വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് ഓര്‍മക്കൂട് മാതൃകയായിചങ്ങനാശ്ശേരി: മാതാപിതാക്കള്‍ രോഗികളായതിനെത്തുടര്‍ന്നു വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വന്ന നിര്‍ദ്ധരരായ മൂന്നു വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠന ചെലവ് ഏറ്റെടുത്ത് ഓര്‍മക്കൂട് എന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം മാതൃകയായി. പെരുന്ന എന്‍എസ്എസ് കോളജിലെ 2004-07 ബാച്ചിലെ മുന്‍വിദ്യാര്‍ഥികളാണ് സമൂഹത്തിനു മാതൃകയായത്.വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഫാത്തിമാപുരം സ്വദേശികളായ അജയന്‍-ലത ദമ്പതികളുടെ രണ്ടു മക്കളുടെ പഠനച്ചെലവാണ് വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്. ബാങ്ക് വായ്പ എടുത്തതിനെ തുടര്‍ന്ന് ഇവരുടെ വീടു ജപ്തി ഭീഷണിയിലാണ്. സുമനസ്സുകളുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇവര്‍ ജീവിതം മുന്നോട്ടു നീക്കുന്നത്. വിവരം അറിഞ്ഞ് പൂര്‍വ വിദ്യാര്‍ഥികള്‍ ഇവരുടെ കുട്ടികള്‍ക്കുള്ള ബാഗും ബുക്കുകളും മറ്റു പഠന ചെലവുകളും സ്വരൂപിച്ച് കഴിഞ്ഞ ദിവസം കൈമാറുകയായിരുന്നു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി എ നസീര്‍ ഇവ വിതരണം ചെയ്തു. കോളജ് യൂനിയന്‍ മുന്‍ ചെയര്‍മാന്‍കൂടിയായ അരുണ്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ഥികളും ജനപ്രതിനിധികളുമായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ഡി മഞ്ജു, നഗരസഭാഗം മാര്‍ട്ടിന്‍ സ്‌കറിയാ, വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്തംഗം പി എസ് ഷാജഹാന്‍, പെരിങ്ങര പഞ്ചായത്തംഗം പി ബി സന്ദീപ് കുമാര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം ശുഭേഷ് സുധാകരന്‍, കുറിച്ചി പഞ്ചായത്തംഗം രമ്യാ രതീഷ് എന്നിവരെ ആദരിച്ചു. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നേടിയ ഡോ. സന്ധ്യാ മോഹനനെ എംജി സര്‍വകലാശാല മുന്‍ റാങ്ക് ജേതാവും പൂര്‍വ വിദ്യാര്‍ഥിയുമായ അനീഷാ തങ്കപ്പന്‍ ആദരിച്ചു. തുടര്‍ന്നു നടന്ന ഓര്‍മക്കൂട് സംഗമം കോളജ് യൂനിയന്‍ ചെയര്‍മാന്‍ ഹേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top