വിദ്യാഭ്യാസ ആവശ്യത്തിന് ഭൂമി നല്‍കാന്‍ സര്‍വകലാശാലയ്ക്ക് വിമുഖത

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്വകാര്യ വ്യക്തികളും സംഘടനകളും സൊസൈറ്റികളും യഥേഷ്ടം ഭൂമി അനധികൃതമായി കൈയേറി സ്ഥാപനങ്ങളും മറ്റും നടത്തുമ്പോഴും വിദ്യാഭ്യാസ ആവശ്യത്തിനും മറ്റുപൊതുആവശ്യത്തിനും ഭൂമി നല്‍കാന്‍ സര്‍വകലാശാലയ്ക്ക് വിമുഖത. കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമായി വള്ളിക്കുന്ന് മണ്ഡലത്തില്‍ ഒരു ആട്‌സ്ആന്റ് സയന്‍സ് കോളജ് സ്ഥാപിക്കാന്‍ ഭൂമി വേണമെന്ന് സര്‍വകലാശാല അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടേയും സംയുക്തയോഗത്തില്‍ പി അബ്ദുല്‍ഹമീദ് എംഎല്‍എ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, സര്‍വകലാശാല അധികൃതര്‍ തടസവാദങ്ങളാണ് ഇതിന് ഉന്നയിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക്മുമ്പ് തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ ബസ്സ്റ്റാന്റ് നിര്‍മിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സര്‍വകലാശാല അനുമതി നല്‍കിയിരുന്നില്ല.
എന്നാല്‍, മുന്‍ സിന്‍ഡിക്കറ്റിന്റെ കാലത്ത് നിയോഗിച്ച ഉപസമിതി സര്‍വേപ്രകാരം കൈയേറ്റങ്ങള്‍ കണ്ടെത്തുകയും റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതാണ്. നാളിതുവരെ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാന്‍ സിന്‍ഡിക്കറ്റോ അധികൃതരോ തയ്യാറായിട്ടില്ല. അതേസമയം, യാതൊരു വാടകപോലും ലഭിക്കാതെ ക്യാംപസില്‍ കൈയേറ്റങ്ങള്‍ നടത്തി സ്ഥാപനങ്ങള്‍ നടത്തുന്നതു കണ്ടില്ലെന്ന് നടിക്കുകയും ഇതിന് ഒത്താശ നല്‍കുകയും ചെയ്യുന്നതായും പരാതിഉയര്‍ന്നിട്ടുണ്ട്. സര്‍വകലാശാല കാംപസില്‍ ഏക്കര്‍കണക്കിനു ഭൂമിയാണു കാടുപിടിച്ചു കിടക്കുന്നത്.

RELATED STORIES

Share it
Top