വിദ്യാഭ്യാസരീതികള്‍ സമന്വയിപ്പിച്ച് ലോകത്തിന്റെ നെറുകയില്‍ എത്തിക്കും

തൃശൂര്‍: ഔപചാരിക, അനൗപചാരിക വിദ്യാഭ്യാസരീതികള്‍ സമന്വയിപ്പിച്ച് മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സാക്ഷരതാ പ്രവര്‍ത്തനമുള്‍പ്പെടെയുള്ള ഇടപെടല്‍ ഇതിന്റെ ഭാഗമാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ജില്ലാ സാക്ഷരതാ മിഷന്റെ ഈ വര്‍ഷത്തെ സാക്ഷരതാ പദ്ധതികള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാര്‍ശ്വവല്‍ക്കരിക്കാത്ത ഒരു ജനതയെ സൃഷ്ടിക്കുകയാണ് ഇത്തരം ഇടപെടലുകളുടെ ലക്ഷ്യം. കേരളത്തില്‍ ജനങ്ങളാണ് വിദ്യാഭ്യാസ രീതികളെ നയിക്കുന്നത്. വിദ്യാഭ്യാസമെന്നത് കേവലമായ വിഷയപഠനമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ജൈവ ഉദ്യാന പദ്ധതി, പരിസ്ഥിതി സാക്ഷരത പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കുന്നത് അതിന്റെ ഭാഗമായാണ്. മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് തത്വത്തില്‍ ധാരണയായതായും സാങ്കേതിക, സാമ്പത്തിക, സാങ്കേതിക തടസ്സങ്ങള്‍ കഴിയും മുറയ്ക്ക് സര്‍ക്കാര്‍ വര്‍ധന നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചയത്തിന്റെ സഹകരണത്തോടെ വിദ്യാകേന്ദ്രങ്ങള്‍ക്കു കംപ്യൂട്ടര്‍, തുല്യത ക്ലാസുകള്‍ക്ക് പഠന കിറ്റ്, പത്താംതരാം തുല്യത പരീക്ഷാ സഹായി, അരലക്ഷം പാഠവലി, ജില്ലാ ഓഫീസില്‍ ഭൗതിക സൗകര്യം ഏര്‍പെടുത്താല്‍ എന്നിവയാണ് നടപ്പാക്കുന്ന പദ്ധതികള്‍. മികച്ച പ്രവര്‍ത്തനം നടത്തിയ പ്രേരക്മാര്‍, ഉന്നത വിജയം നേടിയ പഠിതാക്കള്‍, സമ്പര്‍ക്ക ക്ലാസുകളിലെ വിജയികള്‍ എന്നിവരെ അനുമോദിച്ചു. വൃക്കദാനം നടത്തിയ ജോസ് കെ ആന്റോ എന്ന തുല്യത പഠിതാവിനെ ആദരിച്ചു. വിരമിക്കുന്ന പ്രേരക്മാര്‍ക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത് സ്ഥിരം സമിതി അധ്യക്ഷരായ പത്മിനി ടീച്ചര്‍, മഞ്ജുള അരുണന്‍, ജെന്നി ജോസഫ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, അംഗങ്ങളായ സിജി മോഹന്‍ദാസ്, വിഷ്ണു, തൃശൂര്‍ എ ഇ ഒ എം ആര്‍ ജയശ്രീ, പ്രേരക് പ്രതിനിധികളായ ഇ കെ സത്യന്‍, കെ ബി ഷീല സംസാരിച്ചു.

RELATED STORIES

Share it
Top