'വിദ്യാഭ്യാസരംഗത്ത് അപകടകരമായ വര്‍ഗീയ ചിന്തകള്‍ ഉയരുന്നു' ്‌

കൊച്ചി: അപകടകരമായ വര്‍ഗീയ ചിന്തകള്‍ രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് ഉയര്‍ന്നുവരികയാണെന്ന് മന്ത്രി പ്രഫ സി രവീന്ദ്രനാഥ്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് ഇന്നാവശ്യം. ലോകം മുഴുവന്‍ വര്‍ഗീയതയും വംശീയതയുംമൂലമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും ലോകജനത അതിന് പ്രതിരോധം അന്വേഷിക്കുമ്പോള്‍ ഒരു തുരുത്ത് കാണിച്ചുകൊടുക്കാന്‍ കേരളത്തിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.വിദ്യാര്‍ഥികള്‍ക്കു പരീക്ഷയോടൊപ്പം ജീവിതത്തില്‍ എ പ്ലസ് നേടിക്കൊടുക്കുകയാണു സര്‍ക്കാരിന്റെ വിദ്യാഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം. വരുംതലമുറയ്ക്ക് വേണ്ടിയാണ് മാനവികതയെക്കുറിച്ചുള്ള നമ്മുടെ ഈ ചിന്ത. കേരളത്തില്‍ ഇത്തരത്തില്‍ ഒരു പുതിയ വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ഇങ്ങനെ ശ്രമിക്കുകയാണ്. അധ്യാപകര്‍ പൂര്‍ണ തൃപ്തരായിരിക്കണം എന്നതാണു സര്‍ക്കാരിന്റെ കാഴ്ചപ്പാട്. സംതൃപ്തമായ അധ്യാപക സമൂഹമാണു ലക്ഷ്യം. അതിനു വേണ്ട നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വര്‍ഗീയവല്‍ക്കരണം വാണിജ്യവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് ചേര്‍ന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

RELATED STORIES

Share it
Top