വിദ്യാഭ്യാസരംഗത്തെ അഴിമതി

സിബിഎസ്ഇ പരീക്ഷയുടെ ചില ചോദ്യക്കടലാസുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസരംഗത്തെ കുത്തഴിഞ്ഞ അവസ്ഥയിലേക്ക് സമൂഹശ്രദ്ധ തിരിയുകയുണ്ടായി. കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ്, ഖനിമേഖലയില്‍ കാണുന്നതിനേക്കാള്‍ ഭയാനകമായ അഴിമതിയാണ് വിദ്യാഭ്യാസരംഗത്ത് നടമാടുന്നതെന്ന് വെട്ടിത്തുറന്നുപറഞ്ഞു.
അനില്‍ സ്വരൂപിന് അക്കാര്യം അറിയാന്‍ സാധിക്കും. കാരണം, അദ്ദേഹം നേരത്തേ കല്‍ക്കരി വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സെക്രട്ടറിയായിരുന്നു. ഖനിജവസ്തുക്കളുടെ ചൂഷണത്തിനു വേണ്ടി രാജ്യത്തും പുറത്തുമുള്ള കോര്‍പറേറ്റ് കമ്പനികളും അവരുടെ രാഷ്ട്രീയ പിണിയാളുകളും പിടിമുറുക്കുകയാണ്. ഖനനം നടത്തുന്നതിനു തടസ്സമായി നില്‍ക്കുന്ന പ്രദേശവാസികളെ ആട്ടിയോടിക്കുന്നതിനു കടുത്ത നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഇങ്ങനെ ആട്ടിയോടിക്കപ്പെടുന്നവരില്‍ വലിയൊരു പങ്ക് ആദിവാസി സമൂഹങ്ങളാണ്. ഖനനമേഖലയിലെ അതിഭീകരമായ അഴിമതിയും പൗരാവകാശ ധ്വംസനവും സമീപകാലത്ത് ഒഡീഷയിലും ഛത്തീസ്ഗഡിലുമൊക്കെ നടന്ന പ്രക്ഷോഭങ്ങളിലൂടെ സമൂഹത്തിനു മുമ്പില്‍ വ്യക്തമായിട്ടുണ്ട്.
അതിനേക്കാള്‍ ഭീകരമാണ് വിദ്യാഭ്യാസരംഗത്തെ അവസ്ഥയെന്ന് വിദ്യാഭ്യാസ സെക്രട്ടറി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍, എന്താണ് രാജ്യത്തിന്റെ ഭാവിയെന്ന് ഓര്‍ത്ത് ഞെട്ടുക മാത്രമേ കരണീയമായിട്ടുള്ളൂ. വിദ്യാഭ്യാസമാണ് സമൂഹത്തിന്റെ ഭാവിയുടെ അടിത്തറ. അതിനു കൃത്യമായ പരിശീലനവും പ്രവര്‍ത്തന സംവിധാനവും വേണം. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ത്തിയും പരീക്ഷ എഴുതാന്‍ പകരം ആളെ കണ്ടെത്തിയും ഒക്കെയാണ് കാര്യങ്ങള്‍ സാധിക്കുന്നതെങ്കില്‍ എന്താവും അവസ്ഥ?
വിദ്യാഭ്യാസരംഗത്ത് സ്ഥാപിതതാല്‍പര്യങ്ങള്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് എന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. കോച്ചിങ് സെന്ററുകളും മല്‍സരപ്പരീക്ഷാ സംവിധാനവും അതിന്റെ മുഖ്യകണ്ണികളാണ്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടക്കമുള്ള വിപുലമായ ഒരു ശൃംഖലയായാണ് ഇതു പ്രവര്‍ത്തിക്കുന്നത്.
അതേപോലെ ഗുരുതരമായ പ്രശ്‌നമാണ് സിലബസ് പരിഷ്‌കരണത്തിന്റെ പേരില്‍ നടക്കുന്നത്. ശാസ്ത്രബോധവും ചരിത്രബോധവും സാമൂഹികബോധവും പകര്‍ന്നുകൊടുക്കേണ്ട വിദ്യാഭ്യാസ മേഖലയില്‍ കെട്ടുകഥകളും ശുദ്ധ അസംബന്ധധാരണകളും കുട്ടികളില്‍ കെട്ടിയേല്‍പിക്കാനാണ് ഭരണാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം നീക്കങ്ങള്‍ ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഒട്ടും ചെറുതല്ലതാനും.
അതിനാല്‍ ഇന്ന് വിദ്യാഭ്യാസമേഖലയെ ഗ്രസിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ അഴിമതിക്കാരെ അകറ്റിനിര്‍ത്തിയാല്‍ മാത്രം മതിയാവില്ല. മറിച്ച്, വിദ്യാഭ്യാസത്തിന്റെ സ്വഭാവം അട്ടിമറിക്കാനുള്ള രാഷ്ട്രീയതല നീക്കങ്ങള്‍ അവസാനിപ്പിച്ച് അക്കാദമിക് സ്വാതന്ത്ര്യം പൂര്‍ണമായി ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത് ഭാവിതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്.

RELATED STORIES

Share it
Top