വിദ്യാഭ്യാസനയം തിരുത്തുമ്പോള്‍

ജി ബി മോഹന്‍ തമ്പി

2014ല്‍ അധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പര്യാപ്തമായ നയങ്ങള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനുമാണ് തയ്യാറായത്. പ്രൈമറിതലം മുതല്‍ സര്‍വകലാശാലാതലം വരെ തങ്ങളുടെ പ്രത്യയശാസ്ത്രം നിവേശിപ്പിച്ച് ഹിന്ദുത്വ ദേശീയതയ്ക്ക് അനുകൂലമായ ബൗദ്ധിക-സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അവര്‍ പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു.
സിവില്‍ സമൂഹത്തില്‍ മേല്‍ക്കോയ്മ നേടാതെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു സ്ഥിരതയുള്ള ഭരണകൂടം സംഘടിപ്പിക്കാന്‍ സാധ്യമല്ലെന്ന് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് നേതാവായ അന്റോണിയോ ഗ്രാംഷി പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഇടതുപക്ഷത്തിന് അതു കഴിഞ്ഞില്ല. പക്ഷേ, ബിജെപി ഇപ്പോള്‍ തന്നെ ആയിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചുവരുന്നുണ്ട്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ദശകങ്ങളായി നടന്നുവരുന്ന ഒരു പ്രക്രിയയാണിത്. അതുകൊണ്ട് അധികാരം ലഭിച്ചയുടനെ വിദ്യാഭ്യാസ മേഖലയില്‍ നേതൃത്വം വഹിക്കുന്ന സ്ഥാപനങ്ങളില്‍ അഴിച്ചുപണി തുടങ്ങി.
നേരത്തേ മാനവവിഭവ വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന സ്മൃതി ഇറാനിക്കു വിദ്യാഭ്യാസ മേഖലയില്‍ നേതൃത്വപദവി വഹിക്കാനുള്ള വൈദഗ്ധ്യം ഇല്ലായിരുന്നു. അതുതന്നെയാണ് ആര്‍എസ്എസിനും ആവശ്യം. അവര്‍ ചരടുവലിക്കുന്നതിനനുസരിച്ച് നൃത്തം ചെയ്യാന്‍ ഒരാള്‍ വേണമെന്നേ അവര്‍ക്കു നിര്‍ബന്ധമുള്ളൂ. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ, ജെഎന്‍യുവിലെ വിദ്യാര്‍ഥികളുടെ യോഗത്തില്‍ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ കനയ്യ കുമാര്‍ എന്ന വിദ്യാര്‍ഥിയെ വേട്ടയാടാനുള്ള തീരുമാനം, ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കാന്റീനുകളില്‍ വിളമ്പുന്ന സസ്യഭക്ഷണം-മാംസഭക്ഷണം എന്ന വേര്‍തിരിവ് മുതലായവയായിരുന്നു ചര്‍ച്ചാവിഷയമായത്.
വിദ്യാഭ്യാസത്തിനു കൂടുതല്‍ ഗ്രാന്റ് അനുവദിക്കുമെന്നു പ്രഖ്യാപിക്കുകയും ഫലത്തില്‍ അതു വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതു ജനങ്ങളെ വഞ്ചിക്കുകയാണ്. യുജിസി പിരിച്ചുവിടുന്നതോടെ മാനവവിഭവ വികസന വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും ഇതു തീരുമാനിക്കുക. രാഷ്ട്രീയ മേലാളന്‍മാരുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ധനസഹായം അനുവദിക്കുന്നത് രാജ്യത്ത് അസന്തുലിതാവസ്ഥ സൃഷ്ടിക്കും. അതേസമയം കരിക്കുലം, സിലബസ് മുതലായ വിഷയങ്ങളില്‍ സര്‍വകലാശാലകളുടെ മേല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാനും കേന്ദ്ര ഗവണ്‍മെന്റിനു താല്‍പര്യമുണ്ട്. അക്കാദമിക് കാര്യങ്ങളില്‍ കടുത്ത നിയന്ത്രണം, സാമ്പത്തിക കാര്യങ്ങളില്‍ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ കാരുണ്യം- ഇതാണ് പുതിയ നയത്തിന്റെ കാതല്‍.
വിദ്യാഭ്യാസം ഒരു സാമൂഹിക നന്മയാണെന്ന തത്ത്വം ഉപേക്ഷിച്ചതിന്റെ ഫലമായാണ് അതിനു വ്യവസായത്തിന്റെ അവസ്ഥ കൈവന്നത്. വിദ്യാഭ്യാസത്തിന്റെ ഫലമായി വ്യക്തികള്‍ക്ക് ഉദ്യോഗവും ധനവും ലഭിക്കുന്നു. അതുകൊണ്ട് വിദ്യാഭ്യാസ ചെലവ് വിദ്യാര്‍ഥികളും കുടുംബങ്ങളും വഹിക്കണം. താച്ചര്‍ ഇംഗ്ലണ്ടിലെ സര്‍വകലാശാലകളോട് പറഞ്ഞു: ''നിങ്ങള്‍ ഇനി ഗവണ്‍മെന്റിന്റെ ധനസഹായം പ്രതീക്ഷിക്കേണ്ട. നിങ്ങളുടെ ചെലവിനുള്ള ധനം നിങ്ങള്‍ തന്നെ കണ്ടെത്തിക്കൊള്ളണം.'' അതോടെ അധ്യാപകരും വിദ്യാര്‍ഥികളും കുറഞ്ഞു. ഫീസ് കുത്തനെ കൂട്ടി. വിദേശ വിദ്യാര്‍ഥികളുടെ ഫീസ് മൂന്നും നാലും ഇരട്ടിയായി വര്‍ധിപ്പിച്ചു.
ഇത്തരം 'പരിഷ്‌കാര'ങ്ങളില്‍ നിന്നാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ സ്വീകാര്യത ലഭിക്കുന്നത്. കേരളത്തില്‍ ആദ്യം അതിനെ സ്വാഗതം ചെയ്യാന്‍ അധികം പേര്‍ ഇല്ലായിരുന്നു. പക്ഷേ, അപേക്ഷ അയച്ച എല്ലാവര്‍ക്കും അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അനുവദിച്ചതോടെ കൂണുകള്‍ പോലെ സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഇവിടത്തെ ധനം കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒഴുകുന്നു. ആ ഒഴുക്ക് നിര്‍ത്താന്‍ ഇവിടെയും അതുപോലെ 'തട്ടുകട' എന്‍ജിനീയറിങ് കോളജുകളും മെഡിക്കല്‍ കോളജുകളും ആരംഭിച്ചു.
20 മുതല്‍ 50 വരെ ലക്ഷം തലവരിപ്പണം വാങ്ങാന്‍ അവര്‍ക്കു മടിയുണ്ടായില്ല. സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കുമെന്ന കരാര്‍ പ്രഹസനമായി. ഇതിനെല്ലാം കടിഞ്ഞാണിടാന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് ശ്രമിച്ചെങ്കിലും നിയമതടസ്സങ്ങളുണ്ടായി. മാത്രമല്ല, ഉപരി-മധ്യവര്‍ഗങ്ങള്‍ തങ്ങളുടെ മക്കള്‍ക്കു പ്രവേശനം ലഭിക്കാന്‍ യോഗ്യതയോ താല്‍പര്യമോ വേണ്ട, പണം മാത്രം മതി എന്നു വന്നപ്പോള്‍ അതിനു സ്വീകാര്യത നല്‍കി. അതിന്റെയെല്ലാം ഫലമായി സാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഗണ്യമായി കുറഞ്ഞു. പഠിത്തം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു യോഗ്യതയുമില്ലെന്നു കമ്പനികള്‍ കണ്ടു.
അപ്പോഴാണ് ബിജെപി ഗവണ്‍മെന്റ് അന്താരാഷ്ട്ര നിലവാരമുള്ള സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിലവിലുള്ള സര്‍വകലാശാലകളില്‍ തന്നെ അവരുടെ സംഘപരിവാരത്തിലെ അംഗങ്ങള്‍ എന്താണ് ചെയ്യുന്നത്? ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള ജെഎന്‍യുവിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും 'ദേശദ്രോഹി'കളാക്കി ശിക്ഷിക്കാനാണ് പരിവാരത്തിന്റെ പരിശ്രമം. അലിഗഡ് സര്‍വകലാശാലയില്‍ 1938ല്‍ ചുവരില്‍ പതിച്ച ജിന്നയുടെ ചിത്രം എടുത്തുകളയണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ബഹളമുണ്ടാക്കി. സംഘപരിവാരത്തിന്റെ സമരങ്ങള്‍ക്കു പിന്നില്‍ എന്തെങ്കിലും പ്രതീകങ്ങളുണ്ടാവും. ഗോവയില്‍ സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്നു നെഹ്‌റുവിന്റെ ചിത്രം മായ്ച്ചുകളഞ്ഞിട്ട് സവര്‍ക്കറുടെ ചിത്രം അച്ചടിച്ചിരിക്കുന്നുവത്രേ. ഗുജറാത്തില്‍ സ്‌കൂള്‍ ചരിത്ര പുസ്തകത്തില്‍ ഹിന്ദുത്വസിദ്ധാന്തത്തിന്റെ പാഠങ്ങളാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
ഇപ്പോള്‍ യുജിസി പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കാന്‍ കൊണ്ടുവന്നിട്ടുള്ള നിയമം പരക്കെ വിമര്‍ശിക്കപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ സ്വയംഭരണാവകാശവും അവയുടെ സര്‍വതോമുഖമായ വളര്‍ച്ചയ്ക്കു പ്രോല്‍സാഹനവും നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പുതിയ നിയമം. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് രണ്ടു ഡസനോളം സര്‍വകലാശാലകള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളൂ. അവയെ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത സ്ഥാപനങ്ങള്‍ ഇല്ലാതിരുന്നിട്ടും അവ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം സര്‍വകലാശാലകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായപ്പോള്‍ അവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നിലവാരം ഉറപ്പിക്കാനും ധനസഹായം നല്‍കാനും യുജിസി നിലവില്‍ വന്നു. പിന്നീട് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ വേറെ കമ്മീഷനുകള്‍ രൂപീകരിച്ചു.
പുതിയ കൗണ്‍സില്‍ സര്‍വകലാശാലകളിലെ ഫീസ് കുത്തനെ വര്‍ധിപ്പിക്കും. അതിനു വേണ്ട തുക കടമായി ലഭിക്കുമെങ്കിലും ആ കടം വിദ്യാര്‍ഥികള്‍ വീട്ടിത്തീര്‍ക്കണമെങ്കില്‍ അവര്‍ക്കു വരുമാനമാര്‍ഗം വേണമല്ലോ. അതിനുള്ള സംവിധാനം ഇപ്പോള്‍ ഇല്ല. ലക്ഷക്കണക്കിനു യുവാക്കള്‍ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുമ്പോള്‍ അവരില്‍ ചെറിയൊരു ശതമാനം പേര്‍ക്കു മാത്രമേ ഉദ്യോഗം ലഭിക്കുന്നുള്ളൂ. അതിനു പരിഹാരമായി കമ്മീഷന്‍ കാണുന്നത് തൊഴില്‍സാധ്യതയില്ലാത്ത കോഴ്‌സുകള്‍ വേണ്ടെന്നുവയ്ക്കുക എന്ന നയമാണ്. മാര്‍ഗരറ്റ് താച്ചറുടെ നയം തന്നെ. മാനവിക വിഷയങ്ങള്‍ക്കു പ്രാധാന്യം കുറഞ്ഞുകുറഞ്ഞു വരും. അവയാണ് പൗരന്‍മാരുടെ മൂല്യബോധത്തിന്റെ സ്രോതസ്സ് എന്ന കാര്യം കമ്മീഷന്‍ മറക്കുന്നു.
ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിയമത്തിന്റെ കരട് വായിക്കുമ്പോള്‍ തോന്നുന്നത് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ രൂപീകരണത്തിലും നടത്തിപ്പിലും ആവശ്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ടാവുമെന്നാണ്. മാത്രമല്ല, സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴുള്ള പൊതുചെലവ് തീരെ പോരാ. ജിഡിപിയുടെ ഒരു ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇതിന്റെ ഇരട്ടിയെങ്കിലും വേണമെന്ന് വിദഗ്ധരും പുരോഗമനവാദികളും ദശാബ്ദങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വയംഭരണാവകാശം നല്‍കുന്നു എന്നു പറയുകയും പഠനവിഷയങ്ങള്‍, അധ്യാപകരുടെ യോഗ്യത, വകുപ്പുകളുടെ ഘടന മുതലായ കാര്യങ്ങളിലെല്ലാം നിയന്ത്രണത്തിനു ശ്രമിക്കുമെന്നു വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ് കരടുരേഖ. ി

RELATED STORIES

Share it
Top