വിദ്യാഭ്യാസം ശാസ്ത്രീയമാവണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഫോര്‍ സയന്‍സ്

പാലക്കാട്: ദേശീയ വരുമാനത്തിന്റെ 3ശതമാനം ശാസ്ത്ര സാങ്കേതിക ഗവേഷണത്തിനും 10ശതമാനം വിദ്യാഭ്യാസത്തിനും നീക്കിവയ്ക്കുക, അശാസ്ത്രീയവും അന്ധവുമായ ആശയങ്ങളുടെ പ്രചാരണം അവസാനിപ്പിക്കുകയും ശാസ്ത്രീയ മനോഭാവവും മാനുഷികമൂല്യങ്ങളും അന്വേഷണത്വരയും വളര്‍ത്തിയെടുക്കുകയും ചെയ്യുക, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമുള്ള ആശയങ്ങള്‍ മാത്രം പ്രദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാര്‍ നയരൂപീകരണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നഗരത്തില്‍ മാര്‍ച്ച് ഫോര്‍ സയന്‍സ് റാലി സംഘടിപ്പിച്ചു. ഗവ.വിക്‌ടോറിയ കോളജിന് മുന്നില്‍ നിന്നാരംഭിച്ച റാലി സ്റ്റേഡിയം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള യുക്തിവാദിസംഘം, ഹ്യൂമനിസ്റ്റ് കള്‍ച്ചറല്‍ ഫോറം എന്നീ സംഘടനകളുള്‍പ്പെടുന്ന സംഘാടക സമിതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കേരള യുക്തിവാദിസംഘം സംസ്ഥാന സെക്രട്ടറി കെ പി ശബരിഗിരീഷ് ഉദ്ഘാടനം ചെയ്തു. ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി എസ് ബാബു, പ്രഫ.വി വിജയകുമാര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതാവ് അജില ടീച്ചര്‍, എസ് രാമകൃഷ്ണന്‍ (ഹ്യൂമനിസ്റ്റ് കള്‍ച്ചറല്‍ ഫോറം), റെഡ് സ്റ്റാര്‍ ക്ലബ്ബ് പ്രസിഡന്റ് ടി രാധാകൃഷ്ണന്‍, കെ എം ബീവി സംസാരിച്ചു. ചന്ദ്രന്‍ തച്ചമ്പാറ, നന്ദകുമാര്‍, ജയ്‌സണ്‍ ആലത്തൂര്‍, രാജീവ് ചേലനാട്, പവിത്രന്‍, ഹരികുമാര്‍ കെ, മാളു ആര്‍, ഹസീസ എ, വി ദിവാകരന്‍, സജീന എ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top