വിദേശ സഹായം : ട്രംപിനെതിരേ ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: തന്റെ ബിസിനസ് വഴി വിദേശ സര്‍ക്കാരുകളില്‍ നിന്നു ധനസഹായം സ്വീകരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ യുഎസ് ജനപ്രതിനിധിസഭയിലെ 200ഓളം ഡെമോക്രാറ്റ് അംഗങ്ങള്‍ പരാതിനല്‍കി. കോണ്‍ഗ്രസ്സിന്റെ അനുവാദമില്ലാതെ വിദേശരാജ്യങ്ങളില്‍ നിന്നു പണമോ പാരിതോഷികമോ കൈപ്പറ്റരുതെന്ന ഭരണഘടനാ ചട്ടം ട്രംപ് ലംഘിച്ചെന്നാണു പരാതി. ആദ്യമായാണ് ഒരു യുഎസ് പ്രസിഡന്റിനെതിരേ ഇത്രയും അംഗങ്ങള്‍ സംയുക്തമായി നിയമനടപടി ആവശ്യപ്പെടുന്നത്. ഡെമോക്രാറ്റ് അംഗങ്ങള്‍ക്കു പുറമെ ഇതേ ആരോപണങ്ങളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യവസായപ്രമുഖരും പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രസിഡന്റിനെതിരായ കുറ്റങ്ങള്‍ വൈറ്റ്ഹൗസ് നിഷേധിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് വൈറ്റ്ഹൗസ് വക്താവ് സീന്‍ സ്‌പൈസര്‍ പ്രതികരിച്ചു. ട്രംപിന് 25 രാജ്യങ്ങളുമായി വാണിജ്യബന്ധമുണ്ട്. അദ്ദേഹത്തിന്റെ ലാഭം ഉയര്‍ത്തുന്നതിന് പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം. ഹോട്ടല്‍ ശൃംഖലകള്‍, ഗോള്‍ഫ് മൈതാനങ്ങള്‍, അപാര്‍ട്ട്‌മെന്റുകള്‍ എന്നിങ്ങനെ ട്രംപിന് 25 രാജ്യങ്ങളിലായി 500 വാണിജ്യസംരംഭങ്ങളുണ്ട്.

RELATED STORIES

Share it
Top