വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റില്‍തിരുവനന്തപുരം: വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഇന്ന് വൈകിട്ട് വിദേശ വനിതയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുവാന്‍ ഇരിക്കെയാണ് പ്രതികളുടെ അറസ്റ്റ് നടക്കുന്നത്. യുവതി കൊല്ല്‌പ്പെട്ടത് ബലാല്‍സംഗത്തെ തുടര്‍ന്നായതിനാല്‍ ഇനിമേല്‍ മാധ്യമങ്ങള്‍ അവരുടെ പേര് പ്രസിദ്ധീകരിക്കരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
അന്വേഷണത്തിനിടെ ലഭിച്ച തെളിവുകള്‍ ഇന്ത്യയിലെയും വിദേശത്തെയും മികച്ച എട്ട് ലബോറട്ടറികളില്‍ അയച്ചു പരിശോധിച്ചതിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് എന്ന് പോലിസ് പറഞ്ഞു. യുവതി ആത്മഹത്യ ചെയ്തതാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ മൃതദേഹം കെട്ടിത്തൂക്കിയത്. എന്നാല്‍ പ്രഥമദൃഷ്ട്യാ ആത്മഹത്യയല്ല അതെന്ന് പോലിസ് തിരിച്ചറിഞ്ഞിരുന്നുവെന്നും ഡിജിപി പറഞ്ഞു. കേസിന്റെ അന്വേഷണം തുടരുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കൊല്ലപ്പെട്ട യുവതിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

RELATED STORIES

Share it
Top