വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവംപ്രതികളെ 17 വരെ കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: വിദേശവനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി 17 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. മുഖ്യപ്രതി പാച്ചല്ലൂര്‍ പനത്തുറ റോഡില്‍ ചന്ദ്രികാ ഭവനില്‍ ഉമേഷ്(28) കൂട്ടാളി പാച്ചല്ലൂര്‍ വടക്കേ കൂനംതുരുത്തി വീട്ടില്‍ ഉദയകുമാര്‍ (24) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പോലിസ് മര്‍ദിച്ചതായി പ്രതികള്‍ കോടതിയില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് പരാതി എഴുതിവാങ്ങി.
പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കാനും കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപോര്‍ട്ടില്‍ വിദേശ വനിതയുടെ കൊലപാതകത്തില്‍ നടന്നത് ക്രൂരമായ പീഡനമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.   പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകളുണ്ടെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു. പ്രലോഭിപ്പിച്ചു കൊണ്ടുപോയി കഞ്ചാവ് നല്‍കി ബോധംകെടുത്തിയ ശേഷമാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.
ഉമേഷാണ് യുവതിയെ കൊലപ്പെടുത്തിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു. തെളിവെടുപ്പിനായി 15 ദിവസം വേണമെന്ന പോലിസ് വാദം അംഗീകരിച്ചാണ് 17ന് വൈകീട്ട് അഞ്ചുവരെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
എട്ടു ദിവസം കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചാണ് കുറ്റസമ്മതമൊഴി വാങ്ങിയതെന്ന് മുഖ്യപ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പ്രതികള്‍ നല്‍കിയ പരാതി തുടരന്വേഷണത്തിനായി പോലിസിന് കൈമാറുമെന്നും കോടതി വ്യക്തമാക്കി. അതേസമയം നിരപരാധികളെ കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പ്രതികളുടെ ബന്ധുക്കള്‍ കോടതി വളപ്പില്‍ പ്രതിഷേധിച്ചു. അതേസമയം, നിരവധി കേസുകളില്‍ പ്രതിയാണ് ഉമേഷും ഉദയകുമാറും.
അതേസമയം, കൊല്ലപ്പെട്ട വിദേശവനിതയുടെ ചിതാഭസ്മവുമായി സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച സ്വദേശത്തേക്ക് മടങ്ങും. നാളെ വൈകീട്ട് ആഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ അനുസ്മരണച്ചടങ്ങ് നടക്കും. തുടര്‍ന്ന് അവരുടെ ഓര്‍മയ്ക്കായി കനകക്കുന്നില്‍ മരത്തൈ നടും.
അതേസമയം, വിദേശവനിതയുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കള്‍ മൃതദേഹത്തെ പോലും അവഹേളിക്കുന്ന മനുഷ്യത്വമില്ലാത്തവരാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെയും സഹോദരിയുടെയും ആവശ്യമനുസരിച്ചാണ് മൃതദേഹം ദഹിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇതിനെതിരേ ബിജെപി ഉന്നയിക്കുന്ന വര്‍ഗീയ ലക്ഷ്യം മനസ്സിലാവുമെങ്കിലും അവരുടെ ആവശ്യപ്രകാരം ഉത്തരവിറക്കുന്ന മനുഷ്യാവകാശ കമ്മീഷന്റെ നീക്കം മനസ്സിലാവുന്നില്ലെന്നും കടകംപള്ളി പറഞ്ഞു.
മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. മൃതദേഹം ദഹിപ്പിച്ചാല്‍ തെളിവുകള്‍ നശിച്ചുപോവുന്നത് ചൂണ്ടിക്കാട്ടാതെ മതപരമായ കാര്യങ്ങള്‍ പരാമര്‍ശിച്ച കമ്മീഷന്റെ നടപടി തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top