വിദേശ വനിതയുടെ കൊല: രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലെന്ന് സൂചന. പോലിസ് കസ്റ്റഡിയിലുള്ള ഉമേഷ്, ഉദയന്‍ എന്നിവരില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സുഹൃത്തുക്കളും പ്രദേശവാസികളുമായ രണ്ടുപേര്‍ പിടിയിലായത്. ഇതിലൊരാള്‍ വിദേശ വനിത കൊല്ലപ്പെട്ട ദിവസം ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കിയ വ്യക്തിയും മറ്റൊരാള്‍ മുഖ്യപ്രതി ഉമേഷിന്റെ സുഹൃത്തായ യുവാവുമാണ്.
എന്നാല്‍, രണ്ടുപേര്‍ കൂടി അറസ്റ്റിലായെന്ന വിവരം അന്വേഷണസംഘം സ്ഥിരീകരിക്കുന്നില്ല. ചോദ്യം ചെയ്യാനായി പ്രദേശവാസികളായ ഏതാനും പേരെ വിളിച്ചുവരുത്തിയതല്ലാതെ ആരും കസ്റ്റഡിയിലില്ലെന്നാണ് പോലിസ് ഭാഷ്യം. ഉമേഷും ഉദയനും പിടിയിലായതോടെ കോവളത്തെ കഞ്ചാവ് കടത്തുകാരും സാമൂഹികവിരുദ്ധരും ഒളിവിലാണ്. ഇത് അന്വേഷണത്തിനു തടസ്സമായിട്ടുണ്ട്. അതേസമയം, കഞ്ചാവ് കച്ചവടത്തിലെ മുഖ്യകണ്ണികള്‍ ഉള്‍പ്പെടെ അടുത്തിടെ സ്ഥലംവിട്ടവരുടെ പട്ടിക പോലിസ് ശേഖരിക്കുന്നുണ്ട്.
കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിയ യുവതിയെ രണ്ടുതവണ വീതം ഉമേഷും ഉദയനും മാനഭംഗപ്പെടുത്തിയെന്നാണ് കുറ്റസമ്മതമൊഴി. വൈകീട്ട് ബോധം തെളിഞ്ഞ യുവതി തിരികെ പോവാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ച് കൊന്നുവെന്നാണ് കേസ്. പ്രതികളുടെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കും മുമ്പ് കണ്ടല്‍ക്കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

RELATED STORIES

Share it
Top