വിദേശ പഠനം: റഫ അതിര്‍ത്തിയില്‍ കുടുങ്ങി ഫലസ്തീനികളുടെ ഭാവി
kasim kzm2018-09-05T07:04:53+05:30
ഗസാ സിറ്റി: ആശയറ്റ് 14 ഫലസ്തീന് വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ സര്‍ക്കാരിനൊരു തുറന്ന കത്തെഴുതി. തങ്ങളുടെ ഭാവി തകര്‍ക്കരുതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വ്യോമ, കര, ജല മാര്‍ഗങ്ങളില്‍ ഉപരോധം നേരിടുന്ന ഗസയിലെ ബിരുദദാരികളായ ചെറുപ്പക്കാര്‍ക്ക് വിദേശത്ത് സ്കോളര്‍ഷിപ്പില്‍ പഠനം നടത്താമെന്ന സുവര്‍ണാവസരമാണ് റഫ അതിര്‍ത്തിയില്‍ പ്രവേശനാനുമതിയും കാത്തുകിടക്കുന്നത്. യൂറോപ്പിലെ പ്രമുഖ സര്‍വകലാശാലകളാണ് ഫലസ്തീനികള്‍ക്ക് ഉപരിപഠനത്തിന് സ്കോളര്‍ഷിപ്പുകള്‍ നല്‍കിയത്. വിദ്യാര്‍ഥികളുടെ യാത്രാനുമതിക്ക് തടസ്സം നില്‍ക്കുകയാണ് ഈജിപ്ത്. ഈ ആഴ്ചയ്ക്കകം റഫ വഴി രാജ്യം വിടുന്നതിനുള്ള അനുമതി ലഭിച്ചില്ലെങ്കില്‍ 56 ശതമാനം വരുന്ന ഗസയിലെ തൊഴില്‍രഹിതരുടെ കൂട്ടത്തിലേക്ക് തങ്ങളും പോവുമെന്ന ഭയപ്പാടിലാണ് 25കാരനായ യൂസുഫ്. ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടാനാണ് ഹംഗറിയിലെ സെഗഡ് സര്‍വകലാശാലയിലേക്ക് പ്രവേശനം നേടിയത്. സ്കോളര്‍ഷിപ്പ് ലഭിച്ചു എന്നാല്‍, പ്രവേശനാനുമതി ലഭിച്ചില്ല. വൈകിയാല്‍ സ്കോളര്‍ഷിപ്പ് നഷ്ടമാവുമെന്നാണ് അയാള്‍ പറയുന്നത്. വിദേശ സര്‍വകലാശാലകളില്‍ സ്കോളര്‍ഷിപ്പോടു കൂടി അവസരം ലഭിച്ച പലരും ഗസയില്‍ തൊഴില്‍രഹിതരാണ്. 2007 മുതല്‍ ഫലസ്തീനികള്‍ക്ക് ഈജിപ്ത് അതിര്‍ത്തിയായ റഫ വഴി കടുത്ത നിയന്ത്രണത്തോടെയുള്ള അനുമതിയാണ് നല്‍കുന്നത്. ഈജിപ്ഷ്യന്‍ പട്ടാള ഭരണകൂടത്തിന് ഹമാസിനോടുള്ള വിരോധമാണ് പ്രധാന കാരണം.