വിദേശസഹായത്തിന് അനുമതിയില്ല

കെ എ സലിം

ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ കേരളത്തിന് അനുമതിയുണ്ടാവില്ല. ഇതുസംബന്ധിച്ച കേരളത്തിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല.
ഇന്നലെ പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ചില തടസ്സങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും സാധ്യതകള്‍ ഇനിയും പരിശോധിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ മറ്റ് ആവശ്യങ്ങളോട് അനുകൂല സമീപനമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4,796 കോടിയുടെ അധികസഹായം നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാനത്തിന്റെ വായ്പാ പരിധി ജിഎസ്ഡിപിയുടെ 3 ശതമാനം എന്നതില്‍ നിന്ന് 4.5 ശതമാനമായി നടപ്പു സാമ്പത്തികവര്‍ഷം വര്‍ധിപ്പിച്ചു നല്‍കുക, അടുത്ത വര്‍ഷം മുതല്‍ അത് 3.5 ശതമാനമായി നിജപ്പെടുത്തുക എന്ന ആവശ്യം കേന്ദ്ര ധനവകുപ്പിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഇടപെടല്‍ നടത്തണമെന്നും അഭ്യര്‍ഥിച്ചു. രണ്ടു വര്‍ഷംകൊണ്ട് 16,000 കോടി രൂപയുടെയെങ്കിലും അധിക വായ്പ ലഭ്യമാക്കാനാണ് ഈ ഇളവ് അഭ്യര്‍ഥിച്ചിട്ടുള്ളത്.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍പ്രകാരമുള്ള ധനസഹായത്തില്‍ 10 ശതമാനം വര്‍ധനയെങ്കിലും വരുത്താന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കണം. ഇത് നടപ്പില്‍വരുത്തുകയാണെങ്കില്‍ 1,000 കോടി രൂപയുടെ മെച്ചം സംസ്ഥാനത്തിനുണ്ടാവും. കേന്ദ്ര റോഡ് ഫണ്ട് ഇനത്തിലും 2018-19ലെ വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തി 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണം.
അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പയ്ക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാന്‍ കേന്ദ്രം 5,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്റ് സംസ്ഥാനത്തിന് നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. വ്യാപാരികള്‍, ചെറുകിട സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ധനസഹായ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികള്‍ വ്യവസ്ഥകളില്‍ ഉണ്ടാക്കേണ്ടതുണ്ട്. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങി അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. ലോകബാങ്ക്, എഡിബി, ഐഎഫ്‌സി, യുഎന്‍ഡിപി എന്നിവ നടത്തിയ പഠനങ്ങള്‍പ്രകാരം 25,000 കോടി രൂപയാണ് പുനര്‍നിര്‍മാണത്തിന് വേണ്ടിവരുക. നിര്‍ലോഭമായ കേന്ദ്രസഹായം ഉണ്ടെങ്കില്‍ മാത്രമേ വിവിധ ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top