വിദേശവനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അതിക്രമം വ്യാപകമാവുന്നു

ഇടുക്കി: വിനോദ സഞ്ചാരത്തിനെത്തുന്ന വിദേശവനികള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വെള്ളത്തുവല്‍ സ്‌റ്റേഷനില്‍മാത്രം നാലുപരാതികള്‍ റിപോര്‍ട്ട് ചെയ്തു. രണ്ട് എണ്ണത്തില്‍ കേസും രജിസ്റ്റര്‍ ചെയ്തു. കേസുമായി ബന്ധപ്പെട്ട് വീണ്ടും കേരളത്തില്‍ എത്തേണ്ടിവരുമെന്ന കാരണത്താല്‍ വിദേശികള്‍ കേസുമായി മുന്‍പോട്ട് പോകുന്നില്ലെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.
ചില റിസോര്‍ട്ടുകളിലേയ്ക്ക് ആയുര്‍വേദ ചികിത്സ തേടിയെത്തുന്ന വനിതകള്‍ക്കാണ് അപമാനം ഏല്‍ക്കേിവരുന്നത്. ഇത് ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേരളത്തിന്റെ തനത് ചികിത്സാ രീതിയായ ആയൂര്‍വേദത്തിനോട് വിദേശ സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്. അതുകൊണ്ടുതന്നെ ടൂര്‍ പാക്കേജുമായി കേരളത്തിലെത്തുന്ന വിദേശികള്‍ ഉഴിച്ചിലും പിഴിച്ചിലുമടക്കമുള്ള ചികില്‍സകള്‍ നടത്തിയാണ് മടങ്ങുന്നത്.
കഴിഞ്ഞ ദിവസവും ചിത്തിരപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ എത്തിയ കാനഡ സ്വദേശിയായ ഇരുപത്തിയെട്ടുകാരിയെ മസാജ് ചെയ്യുന്നതിനിടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവമുണ്ടായി. തുടര്‍ന്ന് ഇവര്‍ വെള്ളത്തുവല്‍ പോലിസില്‍ വിവരമറിയിക്കുകയും പോലിസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ കേസെടുത്താല്‍ പിന്നീട് വീണ്ടും ഇവിടേക്കു വരേണ്ടിവരുമെന്നതിനാല്‍ ഇതിനായി ഇനിയും പണവും സമയവും ചിലവഴിക്കേിവരുമെന്നും അതിനാല്‍ സ്റ്റേറ്റ്‌മെന്റ് നല്‍കുവാന്‍ തയ്യാറല്ലെന്നും പോലിസില്‍ അറിയിച്ച് മടങ്ങുകയാണ് ചെയ്തത്.
വിദേശവനിതയായതിനാല്‍ സംഭവത്തില്‍ പോലീസ് റിസോര്‍ട്ടിലെ ആയുര്‍വേദ ഡോക്ടറായ തിരുവനന്തപുരം സ്വദേശി അഭിനാഷിനെതിരേ 354 വകുപ്പുപ്രകാരം കേസെടുത്തു. മുമ്പും ചിത്തിരപുരം മേഖലയിലെ മറ്റൊരു റിസോര്‍ട്ടിലും വിദേശത്തുനിന്നും എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു.
ഇതും സമാനമായ രീതിയില്‍ വിദേശ സഞ്ചാരികള്‍ കേസില്ലെന്ന് പറഞ്ഞ് തിരിച്ച് പോകുകയായിരുന്നു. ഇത്തരത്തില്‍ നിരവധി കേസ്സുകള്‍ ഉണ്ടായിട്ടും വേണ്ട നടപടിയെടുക്കുന്നതിന് അധികൃതരും തയ്യാറാവുന്നില്ല. വേണ്ട അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം മസാജ് കേന്ദ്രങ്ങള്‍ക്കെതിരേയും റിസോര്‍ട്ടുകള്‍ക്കെതിരേയും അധികൃതരും കണ്ണടയ്ക്കുകയാണ്.

RELATED STORIES

Share it
Top