വിദേശമദ്യശാലക്കെതിരേയുള്ള പ്രതിഷേധം ശക്തമായി : സംഘര്‍ഷത്തിനിടെ സ്ത്രീക്ക് പരിക്ക്ചവറ:വിദേശമദ്യശാലയുടെ ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കത്തിനെതിരേ മൂന്നാം ദിവസവും പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ പ്രതിഷേധത്തിനിടെ മദ്യം വാങ്ങാനെത്തിയവര്‍ സമരക്കാരായ സ്ത്രീകളെ കൈയേറ്റം ചെയ്യാനുള്ള ശ്രമത്തിനിടെ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നീണ്ടകര ചീലാന്തി ജങ്ഷന് സമീപം വിഷ്ണു നിവാസില്‍ ജയശ്രീ സുരേഷിനാണ് (47) തലയ്ക്ക് പരിക്കേറ്റത്. ഇതാടെ വന്‍ പ്രതിഷേധമാണ് നടന്നത്. ദേശീയ പാതയില്‍ തട്ടാശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റ് നീണ്ടകര വെളിത്തുരുത്തില്‍ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സംയുക്ത ജനകീയ മുന്നണി രൂപീകരിച്ച് സമരം നടത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് തുറന്ന സ്ഥാപനത്തില്‍ മദ്യം വാങ്ങാനെത്തിയവരുടെ തിരക്ക് ക്രമാതീതമായതോടെയാണ് സംയുക്ത സമര സമിതി പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇതാടെ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം പോലിസിടപെട്ട്  നിര്‍ത്തിവെയ്പ്പിച്ചിരുന്നു. ശനിയാഴ്ച ഔട്ട്‌ലെറ്റ് തുറക്കുന്നതിന് മുമ്പേ സമര സമിതി പ്രതിഷേധ പ്രകടനവുമായെത്തി ഔട്ട്‌ലെറ്റ് ഉപരോധിച്ചിരുന്നു. തീരദേശ പഞ്ചായത്തായ നീണ്ടകരയില്‍ ജനജീവിതത്തെ ദുസ്സഹമാക്കി ഔട്ട് ലെറ്റിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് തീരുമാനത്തിലാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍. ഇതിനിടയില്‍ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാന്‍ എത്തിയവര്‍ക്ക് മദ്യശാലയുടെ പിറകില്‍ കുടി മദ്യം നല്‍കുകയും ചെയ്തു. ബിവറേജിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് സംഘടിച്ചെത്തിയവര്‍ പ്രദേശത്ത് ബോര്‍ഡും ഫഌക്‌സും സ്ഥാപിച്ചിരുന്നു. തുറക്കാനും അടപ്പിക്കാനും ആളുകൂടിയതോടെ വന്‍ സംഘര്‍ഷാവസ്ഥയായി. ഇതിനിടയിലാണ് വീട്ടമ്മയ്ക്ക് പരിക്കേറ്റത്. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം എത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരമായില്ല. സംഭവമറിഞ്ഞ് ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണയും സ്ഥലത്തെത്തി. സമരക്കാരായ സ്ത്രീകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. നീണ്ടകര അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഔട്ട് ലെറ്റിലെക്ക് വരുന്നതിന് ഇടുങ്ങിയ റോഡുകളാണുള്ളത്. മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്ക് കാരണം അപകടങ്ങളും ഗതാഗത തടസങ്ങളും പതിവാകുമെന്നും സമരക്കാര്‍ പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒഴികെയുള്ളവരാണ് സമര രംഗത്തുള്ളത്. ഇരു കൂട്ടരും പ്രതിഷേധം ശക്തമാക്കിയതോടെ എസിപി ശിവപ്രസാദ്,  സിഐമാരായ ഗോപകുമാര്‍, അനില്‍കുമാര്‍, എസ്‌ഐമാരായ ജയകുമാര്‍, രാജീവ് എന്നിവര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച നടത്തിയെങ്കിലും ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു. ഒടുവില്‍ മദ്യശാലയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിക്കാനും, എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താമെന്നും തീരുമാനമായതോടെയാണ്  ജനകീയ പ്രതിഷേധം അവസാനിപ്പിച്ചത്.  മദ്യശാലയ്ക്ക് സാഹചര്യം ഒരുക്കിയതിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ ഉപരോധവും നടത്തി. സ്വന്തം വാര്‍ഡില്‍ വിദേശമദ്യശാലയ്ക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നീണ്ടകര പഞ്ചായത്തില്‍ ജനസാന്ദ്രതയേറിയ വെളുത്തുരുത്ത് പ്രദേശത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവിപണനശാല ആരംഭിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പന്‍തിരിയണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top