വിദേശത്ത് മരിച്ചവരുടെ മൃതദേഹം കൊണ്ടുവരല്‍: സുപ്രിംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: വിദേശത്ത് മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം കൊണ്ടുവരാന്‍ വിമാനക്കമ്പനികള്‍ കാര്‍ഗോ നിരക്കില്‍ പണമീടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അജ്മാനിലെ പൊതുപ്രവര്‍ത്തകനായ അശ്‌റഫ് താമരശ്ശേരി സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കി. മൃതദേഹങ്ങള്‍ സൗജന്യമായി ഇന്ത്യയിലെക്കെത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയില്‍ മുഖ്യമായും ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ ഒരാളുടെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് ശരാശരി രണ്ടുലക്ഷം രൂപയോളം വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുകയല്ല ഇത്. പലപ്പോഴും പണം നല്‍കാനാവാത്തതിനാല്‍ ദിവസങ്ങളോളം മോര്‍ച്ചറിയില്‍ വച്ച് അവസാനം വിദേശരാജ്യങ്ങളില്‍ തന്നെ മറവുചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
മൃതദേഹം തൂക്കിനോക്കിയാണ് വിമാനക്കമ്പനികള്‍ തുകയീടാക്കുന്നത്. മനുഷ്യത്വവിരുദ്ധവും മൃതദേഹങ്ങളോട് പാലിക്കേണ്ട മര്യാദയുടെ ലംഘനവുമാണിത്. പാകിസ്താന്‍ പോലുള്ള രാജ്യങ്ങള്‍ സൗജന്യമായാണ് അവരുടെ പൗരന്‍മാരുടെ മൃതദേഹം നാട്ടിലെത്തിക്കാറ്. നിലവില്‍ പ്രവാസി ഭാരതീയ ഭീമാ യോജനയെന്ന പേരില്‍ പ്രവാസികള്‍ക്കായി നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട്. 10 ലക്ഷം വരെയാണ് ഇതുപ്രകാരം നല്‍കുന്നത്. എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാറില്ല.
2015ലെ കണക്കുപ്രകാരം 7694 മൃതദേഹങ്ങള്‍ നാട്ടിലേക്കു തിരിച്ചുകൊണ്ടുവരാനാവാതെ അവിടെ മറവുചെയ്യേണ്ടിവന്നു. ഇതില്‍ സൗദി അറേബ്യയില്‍ മാത്രം 2,690 പേരും യുഎഇയില്‍ 1,540 പേരുമുണ്ടെന്നും ഹരജിയില്‍ പറയുന്നു. തുടര്‍വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ടായതായി മാധ്യമങ്ങളോട് സംസാരിക്കവെ അശ്‌റഫ് താമരശ്ശേരി പറഞ്ഞു.

RELATED STORIES

Share it
Top