വിദേശത്ത് നിന്നു പണം: വെള്ളാപ്പള്ളി നടേശനെ ചോദ്യംചെയ്തു

കൊച്ചി: വിദേശത്തു നിന്നു പണം കൊണ്ടുവന്ന് നിക്ഷേപം നടത്തിയെന്ന പരാതിയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്തത്. രാവിലെ 10.30 ന് ആരംഭിച്ച ചോദ്യംചെയ്യല്‍ മൂന്നു മണിക്കൂറോളം നീണ്ടു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനൊപ്പം എത്തിയിരുന്നു.
വെള്ളാപ്പള്ളി നടേശന്‍  വിദേശത്തു നിന്ന് അനധികൃതമായി പണമിടപാട്  നടത്തിയെന്നു കാണിച്ച് നാലു വര്‍ഷം മുമ്പ് ലഭിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കുന്നതിനായിരുന്നു ചോദ്യംചെയ്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് വെള്ളാപ്പള്ളി നടേശന്‍ ചോദ്യംചെയ്യലില്‍ സ്വീകരിച്ചത്. ഐടി റിട്ടേണും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഇദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി.
മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരോപണം നേരിടുന്നതിനിടയിലാണ് വിദേശത്ത് നിന്നു പണം കൊണ്ടുവന്നുവെന്ന പരാതിയും അദ്ദേഹത്തിനെതിരേ ഉയര്‍ന്നത്. താന്‍ വിദേശത്തു നിന്നു പണം കൊണ്ടുവന്ന് ഇവിടെ നിക്ഷേപം നടത്തിയെന്നു ചൂണ്ടിക്കാട്ടി മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് തനിക്കെതിരേ ചിലര്‍ പരാതി നല്‍കിയിരുന്നുവെന്നും ഇതു സംബന്ധിച്ച അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയതെന്നും ചോദ്യംചെയ്യലിനു ശേഷം പുറത്തിറങ്ങിയ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്എന്‍ഡിപി യോഗം, എസ്എന്‍ ട്രസ്റ്റ്, തന്റേത്, തന്റെ കുടുംബത്തിന്റേത് അങ്ങനെ എല്ലാ കണക്കുകളും അവര്‍ക്കു നല്‍കി. അതെല്ലാം അവര്‍ പരിശോധിച്ചു. പരിശോധനയില്‍ താന്‍ വിദേശത്തു നിന്നു പണം കൊണ്ടുവന്നിട്ടില്ലെന്ന് അവര്‍ക്ക് വ്യക്തമായതായും വെള്ളാപ്പള്ളി പറഞ്ഞു. വീണ്ടും മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറിയിച്ചിട്ടില്ല. നോട്ടീസ് നല്‍കിയാണ് തന്നെ വിളിപ്പിച്ചതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

RELATED STORIES

Share it
Top