വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍

കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിന് ആളുകളെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ പ്രതിയെ കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തു. കോതമംഗലം പൂയംകുട്ടി സ്വദേശി കുളത്തിനാല്‍ ഷിജു മാത്യു(48) വാണ് രണ്ട് കോടിയിലധികം രൂപ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി തട്ടിയെടുത്തതിന് അറസ്റ്റിലായത്. സംസ്ഥാനത്തെ നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസ് നിലവിലുണ്ട്.ഹരിപ്പാട് കോടതി ശിക്ഷ വിധിച്ചെങ്കിലും ഇയാള്‍ ഒളിവില്‍ തുടരുകയായിരുന്നു. എറണാകുളത്തെ ഒരു ഫഌറ്റില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലിസിന് വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലിസ് എത്തും മുന്‍പ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ വീട്ടില്‍ രാത്രി കുട്ടംമ്പുഴ എസ്‌ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രതി പിടിയിലായി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഈരാറ്റുപേട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കുട്ടമ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top