വിദേശത്തേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍പയ്യോളി: യാത്രക്കാരന്‍ അറിയാതെ വിദേശത്തേക്ക് കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പോലിസ് പിടിയിലായി. തുറയൂര്‍ സ്വദേശികളായ ഒടിയില്‍ മുഹമ്മദ് (21), മരക്കാട്ട് കുനി നിഹാല്‍ എം കെ(21) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.  സംഭവവുമായി ബന്ധപ്പെട്ട് തുറയൂര്‍ മണപ്പുറത്ത് താഴെ ഷറഫുദ്ദീന്‍ (20) നേരത്തെ അറസ്റ്റിലായിരുന്നു. ഷറഫുദ്ദീന് കഞ്ചാവ് എത്തിച്ച് നല്‍കിയതിനാണ് മറ്റ് രണ്ട് പേരെ പിടികൂടിയത്. ഇക്കഴിഞ്ഞ 27 നായിരുന്നു കേസിനാസ്പദമായിരുന്ന സംഭവം. ദുബയിലേക്ക് പോവുകയായിരുന്ന തുറയൂര്‍ സ്വദേശി കൊവ്വുമ്മല്‍ സാദിക്കിന്റെ വശം സുഹൃത്തിന് നല്‍കാനായി ഷറഫുദ്ധീന്‍ കൊടുത്തയച്ച ജീന്‍സ് സാദിക്കിന്റെ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ നിന്ന് ഏഴോളം സിഗരറ്റുകള്‍ ലഭിച്ചത്. ഇവ വിശദമായി പരിശോധിച്ചപ്പോഴാണ് സിഗരറ്റിനകത്ത് കഞ്ചാവാണെന്ന് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു. കേസില്‍ ആദ്യം പിടിയിലായ ഷറഫുദ്ദീന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

RELATED STORIES

Share it
Top