വിദേശത്തു നിന്നു മയക്കുമരുന്നിന്റെ കുത്തൊഴുക്ക് - 6

ഷിനില  മാത്തോട്ടത്തില്‍

ഇന്ത്യയില്‍ ഈ വര്‍ഷം പിടികൂടിയതു മൊത്തം 220 കോടി രൂപയുടെ കൊക്കെയ്‌നാണ്. കൊക്കെയ്ന്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നാണു കേരളത്തിലേക്ക് ഉള്‍പ്പെടെ എത്തുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പരാഗ്വേ സ്വദേശിയെ 15 കോടി വില മതിക്കുന്ന മൂന്നര കിലോ കൊക്കെയ്‌നുമായി അറസ്റ്റ് ചെയ്യുകയുണ്ടായി. കേരളത്തില്‍ കൊക്കെയ്‌നും ആവശ്യക്കാര്‍ വളരെയേറെയാണ് എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. പിടിക്കപ്പെടാത്തവ ഇതിലുമേറെ കാണും. ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും നിരോധിത വിഭാഗത്തില്‍പ്പെട്ട കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്ന് അടുത്തിടെ കേരളത്തിലേക്കു കടത്തിയതായി നാര്‍കോട്ടിക് സെല്ലിന് വിവരം ലഭിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പിടിയിലാവുമെന്നതിനാല്‍ കടല്‍ മാര്‍ഗമാണു വിദേശികള്‍ കൂടുതലും മയക്കുമരുന്നുമായി കേരളത്തിലെത്തുന്നത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു കടല്‍മാര്‍ഗം ശ്രീലങ്കയിലെത്തിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ പിന്നീട് ഇവിടെ നിന്നാണ് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും മറ്റും കൊണ്ടുവരുന്നത്. മയക്കുമരുന്നു കൊണ്ടുവരാനായി വിദേശത്തേക്കു പോവുന്നവര്‍ക്കു പുറമെ വിദേശത്തു നിന്നു തിരിച്ചുവരുന്നവരുടെ പക്കല്‍ മയക്കുമരുന്നു കൊടുത്തയക്കുന്ന രീതിയും സര്‍വസാധാരണമായിരിക്കുകയാണ്. വിമാനത്താവളങ്ങളില്‍ പിടിയിലാവുന്നതാവട്ടെ, വളരെ കുറച്ചുപേര്‍ മാത്രവും. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നു ഗുരുദാസ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 55 കിലോ ഹെറോയിന്‍ ബിഎസ്എഫ് പിടിച്ചെടുത്തിരുന്നു. അതിര്‍ത്തിയില്‍ നിന്നുള്ള ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നായിരുന്നു ഇത്. പാകിസ്താന്‍ നിന്നു കടല്‍മാര്‍ഗവും നദിമാര്‍ഗവും ലഹരി ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എത്യോപ്യയില്‍ നിന്നെത്തിച്ച കോടികള്‍ വിലവരുന്ന 180 കിലോ ഖാത്ത് ഇല കൊച്ചിയില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. സംഭവത്തില്‍ കൊല്ലം സ്വദേശിയാണു പിടിയിലായത്. തപാല്‍ ഓഫിസ് വഴിയാണു കൊല്ലം സ്വദേശിയുടെ പേരില്‍ ഉണങ്ങിയ ഖാത്ത് ഇലയെത്തിയത്. കുവൈത്തില്‍ ജോലി ചെയ്യുന്ന ബന്ധുവാണ് ഇല ഇയാള്‍ക്ക് അയച്ചുകൊടുത്തത്. ഖാത്തിന്റെ അമിത ഉപയോഗം വിഷാദം, ഉറക്കമില്ലായ്മ, വന്ധ്യത, ആക്രമണോത്സുകത, കാന്‍സര്‍, ദഹനക്കുറവ് എന്നിവയ്ക്ക് ഇടയാക്കും. എത്യോപ്യ, സോമാലിയ, കെനിയ എന്നിവിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. രാജ്യാന്തര വിപണിയില്‍ 82.5 കോടിയോളം രൂപ വില വരുന്ന 55 കിലോഗ്രാം എഫഡ്രില്‍ എന്ന മയക്കുമരുന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊച്ചി വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. മലേസ്യയിലേക്കു കടത്താന്‍ നെടുമ്പാശ്ശേരിയിലെത്തിച്ചതാണ് ഇതെന്നാണു കരുതുന്നത്. ബിഗ്‌ഷോപ്പറിന്റെ കൈപ്പിടിയായ ഫൈബര്‍ പൈപ്പിനകത്താണു മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു സ്വകാര്യ സ്ഥാപനം ബുക്ക് ചെയ്ത പാര്‍സലിലാണ് ഇതുണ്ടായിരുന്നത്. ഗുജറാത്ത് തീരക്കടലില്‍ വാണിജ്യക്കപ്പലില്‍ നിന്ന് 1,500 കിലോഗ്രാം തൂക്കം വരുന്ന ഹെറോയിന്‍ തീരസേന പിടികൂടിയതും അടുത്തിടെയാണ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 3,500 കോടി രൂപ വിലമതിക്കുമെന്നു പ്രതിരോധ വക്താവ് അഭിഷേക് മാറ്റിന്‍ പറയുന്നു. പാകിസ്താനില്‍ നിന്നു കടത്തിയതാണ് ഇവയെന്നാണു സൂചന. ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ജാലംഗിയില്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഓപിയം അഥവാ കറുപ്പ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു സുലഭമായി എത്തുന്നു.               (അവസാനിച്ചു)

RELATED STORIES

Share it
Top