വിദേശത്തുനിന്നെത്തിയ യുവാവിനെ തടഞ്ഞുനിര്‍ത്തി കാര്‍ തട്ടിയെടുത്തു

കോഴിക്കോട്: സൗദിയില്‍ നിന്നും നാട്ടിലെത്തിയ യുവാവിന്റെ കാറിനെ പിന്തുടര്‍ന്ന് കവര്‍ച്ചാ ശ്രമം. കാറിലുണ്ടായിരുന്നവരെ മര്‍ദിച്ച് കാര്‍ തട്ടിയെടുക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ പൊറ്റമ്മല്‍ ജംഗ്ഷനിലാണ് സംഭവം. സൗദിയില്‍ സിവില്‍ എഞ്ചിനീയറായ മുക്കം കുമരനല്ലൂര്‍ മുഹമ്മദ് ജംനാസ്(28) ആണ് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്.
മുഹമ്മദ് ജംനാസിനെ സ്വീകരിക്കാന്‍ സിവില്‍ എഞ്ചിനീയറും സുഹൃത്തുമായ പൂളക്കടവ് ഷിയാസു റഹ്മാന്‍ (26), മനാസ് എന്നിവര്‍ കാറുമായി എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇവര്‍ അശോക ഹോസ്പിറ്റലിലേക്ക് കാറില്‍ വരുമ്പോള്‍ പൊറ്റമ്മല്‍ ജംഗ്ഷനില്‍ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം ഇവര്‍ സഞ്ചരിച്ച കാറിനെ മറികടന്ന് തടഞ്ഞു നിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തു. ഇവരെ പുറത്തേക്ക് വലിച്ചിട്ടശേഷം കാറുമായി കടന്നു കളഞ്ഞു. ചെവിക്ക് മര്‍ദനമേറ്റ ഷിയാസ് റഹ്മാന്‍ പോലിസ് കണ്‍ട്രോള്‍ റൂമിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് ആശുപത്രിയിലെത്തിച്ചു.
മുഹമ്മദ് ജംനാസ് ഭാര്യയെ സന്ദര്‍ശിച്ച ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് പോലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ അഴിഞ്ഞിലം ഭാഗത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രസവം കഴിഞ്ഞ് ആശുപത്രിയിലുള്ള ഭാര്യയെ സന്ദര്‍ശിക്കുകയെന്ന ഉദ്ദേശത്തില്‍ വന്നതിനാല്‍ കാര്യമായ ലഗേജുകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. കവര്‍ച്ചാ ശ്രമത്തിന് മെഡിക്കല്‍ കോളജ് പോലിസ് കേസ്സെടുത്തു. സിഐ മൂസ്സ വള്ളിക്കാടനാണ് അന്വേഷണ ചുമതല. പരിസരത്തെ സിസിടി വി, ട്രാഫിക്ക് ക്യാമറകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ കണ്ടെത്തുന്നതിന്ന് വേണ്ടി ഊര്‍ജ്ജിത ശ്രമമാണ് പോലിസ് നടത്തുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top