വിദേശങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ മങ്ങുന്നു

കബീര്‍ എടവണ്ണ

ദുബയ്: മുസ്‌ലിം മധ്യവയസ്‌കനെ രാജസ്ഥാനില്‍ ജീവനോടെ ചുട്ടുകൊന്ന സംഭവം ഗള്‍ഫ് പത്രങ്ങളടക്കമുള്ള വിദേശ മാധ്യമങ്ങളിലും വന്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് കൂടുതല്‍ മങ്ങലേല്‍പ്പിക്കാനും ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ ആഘാതമേല്‍പ്പിക്കാനും ഇടയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഹിന്ദുത്വര്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബീഫിന്റെ പേരിലും ലൗജിഹാദിന്റെ പേരിലും ക്രൂരമായി കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ വളരെ ഭീതിയോടെയാണു ജനങ്ങള്‍ നോക്കിക്കാണുന്നത്. അവസാനമായി രാജസ്ഥാനിലെ രാജ്‌സമാനന്ദ് ജില്ലയില്‍ അഫ്‌റാസുല്‍ ഖാന്‍ എന്ന മുസ്‌ലിം മധ്യവയസ്‌കനെ കോടാലികൊണ്ട് മര്‍ദിച്ച് ജീവനോടെ പച്ചയായി ചുട്ട് കൊല്ലുന്ന ദൃശ്യങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ കൂടി പ്രചരിക്കുന്നതോടെ ഇന്ത്യയുടെ പ്രധാന വരുമാനങ്ങളിലൊന്നായ വിനോദമേഖലയ്ക്ക് ഉണ്ടാക്കുന്ന ആഘാതം കനത്തതായിരിക്കും.  ആഗോള സാമ്പത്തിക പ്രതിസന്ധി കാരണം ടൂറിസം മേഖല കനത്ത തിരിച്ചടി നേരിടുമ്പോഴാണ് ഹിന്ദുത്വര്‍ ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുന്നത്. ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡേ തുടങ്ങിയ പ്രധാന പത്രങ്ങളും വിവിധ അറബി ടെലിവിഷനുകളും യുവാവിനെ ചുട്ടുകൊല്ലുന്ന രംഗങ്ങള്‍ വന്‍ പ്രധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. അതിനു സമാനമായ രീതിയിലാണ് ഈ വാര്‍ത്ത ബിബിസി, അല്‍ അറബിയ്യ, അല്‍ ജസീറ, സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്ര ടെലിവിഷന്‍ ചാനലുകള്‍ ജനങ്ങളിലെത്തിച്ചത്. ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഒന്നും ഇല്ലാത്ത കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവൊന്നും ഇല്ലെന്നും അതേ സമയം ഉത്തരേന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളെ ഇത്തരം സംഭവങ്ങള്‍ സാരമായി ബാധിക്കുമെന്നും കേരളത്തിലെ പ്രമുഖ ടൂറിസം സ്ഥാപനമായ അരോമ ഗ്രൂപ്പ് ചെയര്‍മാന്‍ പി കെ സജീവ് പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്നത് ഡല്‍ഹിയിലും ആഗ്രയിലും രാജസ്ഥാനിലെ ജയ്പ്പൂരിലുമാണ്. കാര്‍ഷിക, വ്യാപാര മേഖലയില്‍ കനത്ത പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യത്ത് വിദേശ നാണ്യം നേടിത്തരുന്ന ടൂറിസം മേഖലകൂടി പിന്നോട്ടേക്ക് നീങ്ങിയാല്‍ രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചയ്ക്കുതന്നെ കോട്ടം സംഭവിക്കും.

RELATED STORIES

Share it
Top