'വിത്തും കൈക്കോട്ടും' ക്യാംപിനെത്തിയവര്‍ക്ക് നാട്ടുകാര്‍ വിത്തും കൈക്കോട്ടും നല്‍കി

വടകര: വടകര പുത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ആണ് നാട്ടുകാര്‍ സമ്മാനമായി നല്‍കിയ  നല്‍കിയ പച്ചക്കറി വിത്ത്  പായ്ക്കറ്റും കൈക്കോട്ടുമായി വീട്ടിലേക്ക് മടങ്ങിയത്. ‘വിത്തും കൈക്കോട്ടും ‘ എന്നതായിരുന്നു ഏഴ് ദിവസം നീണ്ടു നിന്ന സ്‌പെഷല്‍ ക്യാമ്പിന് ഇവര്‍ നല്‍കിയ പേര്.
പേര് സൂചിപ്പിക്കും പോലെ തിരുവള്ളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ അറുപത് വീടുകളില്‍ ഒരു സെന്റ് വീതം ഭൂമിയില്‍ ഇവര്‍ തടമെടുത്ത് വിത്തിട്ടാണ് തിരിച്ചുപോകുന്നത്. കയപ്പ, പടവലം, വെണ്ട, ചുരങ്ങ, ചീര, പയര്‍ എന്നീ ആറിനം മുളപ്പിച്ച വിത്തുകളാണ് പാകിയത്. ക്യാമ്പിന്റെ ആറാം ദിവസമാണ് ജനകീയ വിത്ത് യാത്രയും വിത്തിടലും നടന്നത്. നാട്ടുകാരുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളും പങ്കാളിത്തവും പദ്ധതി വന്‍ വിജയത്തിലെത്തിച്ചതായും ഞങ്ങള്‍ക്ക് കിട്ടിയ വിത്തും കൈക്കോട്ടും കൊണ്ട് വളണ്ടിയര്‍മാരുടെ വീടുകളും  പച്ചക്കറി സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുമെന്നും വളണ്ടിയര്‍ ലീഡര്‍ മാരായ സൂര്യ കിരണ്‍ , സാന്ദ്ര.ജെ.ആനന്ദ് എന്നിവര്‍ പറഞ്ഞു.
പച്ചക്കറി വിളവെടുപ്പ് നടക്കും വരെ മേല്‍ നോട്ടം വഹിക്കാന്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഘട്ടങ്ങളായി വിലയിരുത്തല്‍ നടക്കുകയും മികച്ച വയ്ക്ക് സമ്മാനം നല്‍കുകയും ചെയ്യും. പരിപാലന നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖയും വിദ്യാര്‍ത്ഥികള്‍ വീട്ടുകാര്‍ക്ക് നല്‍കി. ക്യാമ്പിന്റെ സമാപന സമ്മേളനം വാര്‍ഡ് മെമ്പര്‍ എഫ്.എം മുനീറിന്റെ അധ്യക്ഷതയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉല്‍ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ഡി. പ്രജീഷ് ഉപഹാര സമര്‍പ്പണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിത്തും കൈക്കോട്ടും മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.കുഞ്ഞി ക്കണ്ണന്‍ വൈദ്യര്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top