വിട്ടുകൊടുക്കില്ലെന്ന് വയല്‍ക്കിളികള്‍; 25ന് നിര്‍ണായക സമരം

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ വഴിയുള്ള നിര്‍ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിരോധത്തിലായ വയല്‍ക്കിളികള്‍ നിര്‍ണായക സമരത്തിന്. മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭത്തിന്റെ മാതൃകയില്‍ ഈ മാസം 25ന് തളിപ്പറമ്പില്‍ നിന്ന് സിപിഎം പാര്‍ട്ടിഗ്രാമമായ കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്താനാണു തീരുമാനം.
സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അണിനിരക്കും. മാര്‍ച്ചിനു ശേഷം, സിപിഎം പ്രവര്‍ത്തകര്‍ തീയിട്ടു നശിപ്പിച്ച സമരപ്പന്തല്‍ പുനസ്ഥാപിക്കും. നര്‍മദ ബച്ചാവോ ആന്തോളന്‍ നേതാവ് മേധാ പട്കര്‍, ഇന്ത്യയുടെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോ. രാജേന്ദ്ര സിങ്, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീപദ്രെ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കീഴാറ്റൂരിലെ കര്‍ഷകസമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
തളിപ്പറമ്പ് ടൗണില്‍ ദേശീയപാത വീതി കൂട്ടുന്നത് ഒഴിവാക്കാനാണ് കീഴാറ്റൂര്‍ വയലിലൂടെ ബൈപാസ് നിര്‍മിക്കുന്നത്. ആദ്യം തീരുമാനിച്ച റൂട്ട് പ്രകാരം നിരവധി വീടുകള്‍ പൊളിച്ചുനീക്കേണ്ടിവരുമെന്നതിനാല്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ കൂടി താല്‍പര്യപ്രകാരം വയലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, കീഴാറ്റൂര്‍ വയലിലൂടെ റോഡ് പണിയാന്‍ 29 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കണം. അതില്‍ 21 ഹെക്റ്ററും വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ്. ബൈപാസ് പൂര്‍ത്തിയാവുമ്പോള്‍ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാവാന്‍ സാധ്യതയുണ്ട്. പാടം നികത്താനായി സമീപത്തെ കുന്നുകള്‍ ഇടിക്കണം. അതേസമയം, കീഴാറ്റൂരില്‍ നിന്ന് ബൈപാസിന്റെ രൂപരേഖ മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ദേശീയപാതാ അതോറിറ്റിക്ക് എതിര്‍പ്പില്ലെന്നാണു സൂചന. ഇക്കാര്യം തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
അതിനിടെ, കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശന്‍, ഗംഗാധരന്‍, എ ചന്ദ്രബാബു, ശ്രീവാസന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top