വിടി ബല്‍റാമിനെതിരേ കരിങ്കൊടി, ഉന്തുംതള്ളിനുമിടെ പോലിസുകാരന്റെ കൈകൊണ്ട് വാഹനത്തിന്റെ സൈഡ് ഗ്ലാസ് പൊട്ടി

ആനക്കര: വി ടി ബല്‍റാം എംഎല്‍എക്കെതിരേ കരിങ്കൊടി കാണുക്കുന്നതിനിടയില്‍ എംഎല്‍എയുടെ വാഹനത്തിന്റെ സൈഡ് ഗ്ലാസ് പൊട്ടി. പോലിസുകാരന്റെ കൈക്ക് പരിക്കേറ്റു. കൂടല്ലൂരില്‍ ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെയാണ് സംഭവം. കൂടല്ലൂര്‍ എജെബി സ്‌കൂളില്‍ കൂടല്ലൂര്‍ ക്ഷിര സംഘത്തിന്റെ സഹായ വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ഉദ്ഘാടന സ്ഥലത്തിന്റെ 200 മീറ്റര്‍ അകലെ വച്ച് റോഡിലാണ് സിപിഎം,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കാന്‍ നിന്നിരുന്നത്. ഇവരെ വലയം ചെയ്ത് പോലിസ് സംഘവുമുണ്ടായിരുന്നു. ഇതിനിടയില്‍ എംഎല്‍എയുടെ വാഹനം കടന്നുവന്നപ്പോള്‍ ചെറിയ തിരക്ക് വന്നതോടെ വാഹനത്തില്‍ പോലിസുകാരന്റെ കൈ തട്ടി എംഎല്‍എയുടെ കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടുകയുമാണുണ്ടായത്. പോലിസുകാരനായ രാജേഷിന്റെ വലത് കൈക്ക് ചതവ് പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ കരുതി കൂട്ടി അക്രമിക്കുകയായിരുനെന്ന് എംഎല്‍എ പറഞ്ഞു. പോലിസ് മൊഴി രേഖപ്പെടുത്തി കേസെടുക്കാതെ പോവില്ലെന്ന് എംഎല്‍എ പറഞ്ഞതോടെ സമീപത്തെ വീട്ടില്‍ പോയി പോലിസ് മൊഴി രേഖപ്പെടുത്തി .സിപിഎം പ്രവര്‍ക്കര്‍ക്കെതിരേ കേസെടുത്തതായി തൃത്താല എസ്‌ഐ കൃഷ്ണന്‍ കെ കാളിദാസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടല്ലൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരാഴ്ച്ചയായി സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയായിരുന്നെന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം എംഎല്‍എ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച പള്ളിപ്പാടത്ത് വച്ച് ഇത്തരത്തിലുള്ള അക്രമം ഉണ്ടായതായും എംഎല്‍എ പറഞ്ഞു. അക്രമത്തെ നേരിടേണ്ട പോലിസ് അക്രമിക്കുന്നതിന് സഹായം നല്‍കുകയാണെന്നു ബല്‍റാം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top