വിജിലന്‍സ് ജഡ്ജിക്ക് ഭീഷണിക്കത്ത്: പരാതിയില്ലെന്ന് ജഡ്ജി; മൊഴിയെടുക്കാന്‍ ആവാതെ അന്വേഷണ സംഘം മടങ്ങി

തിരുവനന്തപുരം: വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണിക്കത്ത് അയച്ച സംഭവത്തില്‍ ഇനി അന്വേഷണമില്ല. തനിക്ക് പരാതിയില്ലെന്നും ഭീഷണിവിവരം അടങ്ങിയ ഊമക്കത്ത് പോലിസിന്റെ അറിവിലേക്കായി കൈമാറിയതാണെന്നും മൊഴിയെടുക്കാനായി വന്ന അന്വേഷണ സംഘത്തെ ജഡ്ജി ഡി അജിത്കുമാര്‍ അറിയിച്ചു.
ഇതോടെ, ഭീഷണിക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നോടിയായി വിവരത്തിന് മൊഴിയെടുക്കാനായി ജഡ്ജിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങി ജഡ്ജിയുടെ ചേംബറില്‍ പ്രവേശിച്ച വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ റൈറ്ററും മൊഴിയെടുക്കാതെ മടങ്ങിപ്പോയി.
കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഭീഷണി സ്വരത്തിലുള്ള ഊമക്കത്ത് എത്തിയത്. ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി മാണിക്കെതിരേ തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതിനെതിരേ ജഡ്ജിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ഉറവിടം വ്യക്തമാക്കാതെ അയച്ച കത്തിന്റെ ഉള്ളടക്കം. ബാര്‍ കോഴക്കേസില്‍ മാണിയെ ഒന്നും ചെയ്യാനാവില്ലെന്നും മാണിക്ക് കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും പിടിയുണ്ടെന്നും സുപ്രിംകോടതി വരെ പോയി കേസില്‍ നിന്നു രക്ഷപ്പെടുമെന്നുമായിരുന്നു തപാലില്‍ ലഭിച്ച കത്തിലെ പരാമര്‍ശം.
കത്ത് കോടതിയില്‍ നിന്ന് അന്വേഷണത്തിനായി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ അന്വേഷണം ആരംഭിക്കുകയും ജഡ്ജിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തുകയുമായിരുന്നു. 2010ല്‍ തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി പി ഇന്ദിരയ്ക്ക് സമാനരീതിയില്‍ ഊമക്കത്ത് ലഭിച്ചിരുന്നു.
അന്ന് കോടതിയുടെ പരാതിയില്‍ വഞ്ചിയൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഒടുവില്‍ തുമ്പുണ്ടാക്കാന്‍ വഴിയില്ലാത്തതിനാല്‍ തെളിയിക്കപ്പെടേണ്ട കേസുകളുടെ പട്ടികയിലേക്ക് മാറ്റുകയായിരുന്നു.

RELATED STORIES

Share it
Top