വിജിലന്‍സിനെ വിമര്‍ശിച്ച് ജേക്കബ് തോമസ്

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ വിജിലന്‍സ് സ്വീകരിച്ച നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇ പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് എഴുതിത്തള്ളാനാവില്ല. ബന്ധുവിന് നിയമനം നല്‍കിയാലേ കേസ് എടുക്കാനാകൂവെന്ന് നിയമത്തില്‍ പറയുന്നില്ലെന്നും ഇപ്പോഴത്തെ വിജിലന്‍സ് തമാശയാണോയെന്ന് വിലയിരുത്തട്ടെയെന്നും ജേക്കബ് തോമസ് പറഞ്ഞു. നേരത്തെ കേസില്‍ തെളിവില്ലാത്തതിനാല്‍ വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അന്വേഷണം തുടരാനാവില്ലെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ് സി സി അഗസ്റ്റിന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.2016 ഒക്ടോബറിലായിരുന്നു വിവാദനിയമന ഉത്തരവ് പുറത്തുവന്നത്. ബന്ധുവായ പി കെ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി നിയമിച്ചെന്നായിരുന്നു കേസ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ വന്ന കേസില്‍ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഗൂഢാലോചനയും സ്വജനപക്ഷപാതവും നടന്നു എന്നായിരുന്നു എഫ്‌ഐആര്‍. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം ജയരാജന്‍ രാജിവച്ചിരുന്നു. ജേക്കബ് തോമസ്  വിജിലന്‍സില്‍ നിന്നു മാറിയതിനു പിന്നാലെ കേസും ഇഴഞ്ഞുനീങ്ങുകയായിരുന്നു.

RELATED STORIES

Share it
Top